തിരുവനന്തപുരം: യന്ത്രത്തിലായ ജനവിധി എന്തെന്നറിയാന്‍ മേയ് നാലുവരെ നീളുന്ന ആകാംക്ഷയുടെ നാളുകള്‍. വോട്ടിന്റെ കൂട്ടിക്കിഴിക്കലുകളും പോളിങ് ശതമാനത്തിന്റെ വിലയിരുത്തലുകളും നടക്കാനിരിക്കുന്നതേയുള്ളെങ്കിലും മുന്നണികള്‍ പുറമേയ്‌ക്കെങ്കിലും ആത്മവിശ്വാസത്തിന്റെ പരകോടിയില്‍.
കുറഞ്ഞത് 75 സീറ്റുമായി മൂന്നാമതും ഭരിക്കുമെന്ന് എല്‍.ഡി.എഫും 100 സീറ്റുമായി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് യു.ഡി.എഫും കണക്കുകൂട്ടുന്നു. ഏഴ് സീറ്റെങ്കിലും നേടി നിയമസഭയില്‍ കരുത്തുകാട്ടുമെന്നാണ് എന്‍.ഡി.എയുടെ അവകാശവാദം. ബൂത്ത് തലത്തിലുള്ള വിവരശേഖരണവും പ്രാദേശികാടിസ്‌ഥാനത്തിലുള്ള
അവലോകനങ്ങളുമായി മൂന്ന് മുന്നണികളുടെയും 'വാര്‍ റൂമുകള്‍' സജീവമാണ്. എസ്.ഐ.ആറിനുശേഷം പോളിങ് ശതമാനത്തിലുണ്ടായ വര്‍ധന ആര്‍ക്ക് അനുകൂലമാകുമെന്ന ചര്‍ച്ചയിലാണ് രാഷ്‌ട്രീയകേരളം. പതിവിനു വിരുദ്ധമായി തെക്കന്‍കേരളത്തിലുണ്ടായ മികച്ച പോളിങ് അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ യു.ഡി.എഫ്. ക്യാമ്പ് ആവേശത്തിലാണ്. വോട്ടെടുപ്പിനു പിന്നാലെ, 100 സീറ്റില്‍ കുറഞ്ഞ അവകാശവാദം നേതാക്കളില്‍ ആര്‍ക്കുമില്ല.
സര്‍ക്കാര്‍ വിരുദ്ധതരംഗമില്ലെന്നും വികസനനയങ്ങള്‍ക്കും ക്ഷേമപദ്ധതികള്‍ക്കും ലഭിച്ച സ്വീകാര്യത ഭരണത്തുടര്‍ച്ച ഉറപ്പാക്കുമെന്നും എല്‍.ഡി.എഫ്. വിലയിരുത്തുന്നു. എന്‍.ഡി.എയ്‌ക്കു വന്‍വിജയം ഉറപ്പാണെന്ന് ബി.ജെ.പി. സംസ്‌ഥാനാധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അവകാശപ്പെട്ടു. കഴിഞ്ഞതവണ രണ്ടാംസ്‌ഥാനം സമ്മാനിച്ച മണ്ഡലങ്ങള്‍ ഇത്തവണ കൈവിടില്ലെന്നും വോട്ട് വിഹിതത്തില്‍ വന്‍വര്‍ധനയുണ്ടാകുമെന്നും ബി.ജെ.പി. പ്രതീക്ഷിക്കുന്നു. ഒരുപടികൂടി കടന്ന്, തൂക്കുസഭ വന്നാല്‍ ബി.ജെ.പി. ഭരണം നിശ്‌ചയിക്കുമെന്ന അവകാശവാദവും നേതൃത്വം കൈവിട്ടിട്ടില്ല.






