തൃശൂര്‍: മുറിവേറ്റ വിരലില്‍ മഷി പുരട്ടാനാവില്ലെന്നു പറഞ്ഞ് യുവതിക്കു വോട്ട് നിഷേധിച്ചതായി പരാതി. തൃശൂര്‍ മണ്ഡലത്തിലെ കൂര്‍ക്കഞ്ചേരി ബോധാനന്ദ സ്‌കൂളിലെ ബൂത്തിലാണ് സംഭവം. വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് സമയം അവസാനിച്ചതോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇടപെട്ട്, ആറിനുശേഷമാണ് കൂര്‍ക്കഞ്ചേരി സ്വദേശി അക്ഷയയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത്. തര്‍ക്കം മൂലം മണിക്കൂറുകളോളം ബൂത്തില്‍ കാത്തുനില്‍ക്കേണ്ടിവന്നു. അക്ഷയയയുടെ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മുറിവേറ്റതിനേത്തുടര്‍ന്ന് 10 തുന്നലിടേണ്ടിവന്നിരുന്നു. വിരലില്‍ ഡ്രസ്സിങ്ങുള്ളതിനാല്‍ മഷി പുരട്ടാനാവില്ലെന്നായി പ്രിസൈഡിങ് ഓഫീസര്‍. മുറിവ് ബോധ്യപ്പെടാന്‍ തുറന്നുകാണിക്കണമെന്ന് ഉദ്യോഗസ്‌ഥന്‍ ശഠിച്ചതായും യുവതി പറയുന്നു. ഡോക്‌ടറുടെ കുറിപ്പടിയും എക്‌സ്‌റേയുംഹാജരാക്കിയെങ്കിലും പരിഗണിച്ചില്ല. വേറേ വിരലില്‍ മഷി പുരട്ടി വോട്ട് ചെയ്യാന്‍ അനുവദിക്കാമെന്ന് മറ്റ് ഉദ്യോഗസ്‌ഥര്‍ പറഞ്ഞെങ്കിലും പ്രിസൈഡിങ് ഓഫീസര്‍ സമ്മതിച്ചില്ല.
ഉച്ചകഴിഞ്ഞ് ഒന്നിന് വോട്ട് ചെയ്യാനെത്തിയ അക്ഷയയ്‌ക്ക് വൈകിട്ട് അഞ്ചരയായിട്ടും വോട്ട് ചെയ്യാനായില്ല. വിവരമറിഞ്ഞ് രാഷ്‌ട്രീയനേതാക്കള്‍ സ്‌ഥലത്തെത്തി ഉദ്യോഗസ്‌ഥരുമായി ചര്‍ച്ച നടത്തി. ഇത്തരം സാഹചര്യങ്ങളില്‍ മറ്റ് വിരലുകളില്‍ മഷി പുരട്ടി വോട്ട്
ചെയ്യിക്കാന്‍ വ്യവസ്‌ഥയുണ്ടെങ്കിലും ഉദ്യോഗസ്‌ഥന്റെ പിടിവാശി മൂലം അക്ഷയയ്‌ക്ക് മണിക്കൂറുകള്‍ മനഃകേ്ലശം അനുഭവിക്കേണ്ടിവന്നു.






