
ന്യൂഡല്‍ഹി: ക്ഷേത്രങ്ങളിലും മഠങ്ങളിലും എല്ലാവര്‍ക്കും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി. ഏതെങ്കിലും വിഭാഗത്തെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍നിന്നു വിലക്കുന്നത് ഹിന്ദു മതത്തിനും സമൂഹത്തിനും നല്ലതല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന നിരീക്ഷിച്ചു. ശബരിമല യുവതീ പ്രവേശനം ഉള്‍പ്പെടെയുള്ള കേസുകളിലെ പുനപ്പരിശോധനാ ഹര്‍ജികളിലെ വാദത്തിനിടെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
''ശബരിമല വിധി വിടുക. ഞങ്ങളുടെ ആളുകള്‍ മാത്രം മതി, മറ്റുള്ളവരെ ഞങ്ങളുടെ ക്ഷേത്രത്തില്‍ കടത്തില്ല എന്ന നിലപാട് ഹിന്ദു മതത്തിനു നല്ലതല്ല. ആ വിഭാഗത്തിനു തന്നെയും അതു നല്ലതിനാവില്ല. സമൂഹത്തെ അതു വിഭജിക്കും.''- ജസ്റ്റിസ് നാഗരത്ന പറഞ്ഞു.
എല്ലാ വിഭാഗങ്ങള്‍ക്കുമായി ക്ഷേത്രങ്ങള്‍ തുറന്നുകൊടുക്കാന്‍ 25 (രണ്ട്)(ബി) വകുപ്പ് പ്രകാരം ഭരണകൂടത്തിന് കഴിയുമെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ശബരിമല യുവതി പ്രവേശനം ഉള്‍പ്പടെ പരിഗണിക്കുന്ന സുപ്രീംകോടതിയുടെ ഒമ്പത് അംഗ ഭരണഘടന ബെഞ്ചിലെ വാദം കേള്‍ക്കലിനിടയാണ് ജസ്റ്റിസ് ബി വി നാഗരത്‌നയുടെ പരാമര്‍ശം. ക്ഷേത്രങ്ങളില്‍ ആരാണ് പ്രവേശിക്കേണ്ടതെന്ന് ആ വിഭാഗത്തില്‍പ്പെട്ടവരാണ് തീരുമാനിക്കേണ്ടതെന്ന് സീനിയര്‍ അഭിഭാഷകന്‍ സി എസ് വൈദ്യനാഥന്‍ വാദിച്ചപ്പോഴായിരുന്നു ജസ്റ്റിസ് നാഗരത്നയുടെ പരാമര്‍ശം. എന്‍എസ്എസ്, കേരള ക്ഷേത്ര സമിതിയുടെ മാതൃ സമിതി എന്നിവ ഉള്‍പ്പടെ മൂന്ന് കക്ഷികള്‍ക്ക് വേണ്ടിയാണ് സി എസ് വൈദ്യനാഥന്‍ ഹാജരായത്.
ഇത്തരം നടപടി സമൂഹത്തെ വിഭജിക്കുന്നതാകുമെന്ന് ജസ്റ്റിസ് അരവിന്ദ് കുമാറും നിരീക്ഷിച്ചു. ക്ഷേത്രപ്രവേശനവും ആരാധനയും ഒരു വിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്താന്‍ മതവിഭാഗത്തിന് അവകാശമുണ്ടെന്ന വാദമുയര്‍ന്നപ്പോള്‍ അങ്ങനെയല്ല, 25 (രണ്ട്)(ബി) വകുപ്പ് പ്രകാരം എല്ലാ വിഭാഗങ്ങള്‍ക്കുമായി ക്ഷേത്രങ്ങള്‍ തുറന്നു കൊടുക്കാന്‍ സ്‌റ്റേറ്റിന് കഴിയുമെന്ന് നാഗരത്‌ന നിരീക്ഷിച്ചത്.






