മാത്യു കുഴല്‍നാടന്‍
മൂവാറ്റുപുഴ: ആവേശം നിറഞ്ഞ വോട്ടെടുപ്പ് പൂര്‍ത്തിയായെങ്കിലും വിശ്രമമില്ലാതെ തിരക്കുകളിലാണ് മൂവാറ്റുപുഴയിലെ യു.ഡി.എഫ്. സ്‌ഥാനാര്‍ഥി മാത്യു കുഴല്‍നാടന്‍. വോട്ടെടുപ്പ് ദിവസം രാത്രി വൈകിയും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നേതാക്കളുമായി ചേര്‍ന്ന് ബൂത്ത് തലത്തിലുള്ള വിലയിരുത്തലുകള്‍ നടത്തിയ ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.
വോട്ടെടുപ്പിന് ശേഷമുള്ള ഇന്നലെയും സ്‌ഥാനാര്‍ഥിക്ക് തിരക്കിട്ട ദിനമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഞ്ഞള്ളൂരില്‍ വീടിന് നേരെ കല്ലേറുണ്ടായ പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ചു. തുടര്‍ന്ന് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ പരുക്കേറ്റ പ്രവര്‍ത്തകരെയും നേരില്‍ കണ്ട് ആശ്വസിപ്പിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രത്യേകമായി സഹായിച്ച സാമൂഹിക രംഗത്തെ പ്രമുഖ വ്യക്‌തികളെ നേരില്‍ കണ്ട് നന്ദി അറിയിക്കാനും അദ്ദേഹം സമയം കണ്ടെത്തി. വൈകുന്നേരത്തോടെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തില്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ സമഗ്രമായ അവലോകനവും നടന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതല്‍ മണ്ഡലത്തില്‍ തന്നെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചതിനാല്‍ മറ്റു യാത്രകളൊന്നും നടത്താന്‍ സാധിച്ചിരുന്നില്ല. ഇന്ന് പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി തന്നെ മണ്ഡലത്തിന് പുറത്തുള്ള വിവിധ സ്‌ഥലങ്ങളില്‍ സന്ദര്‍ശനം നടത്താനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്തെ കഠിനാധ്വാനത്തിന് ശേഷം പ്രവര്‍ത്തകര്‍ നല്‍കുന്ന ആത്മവിശ്വാസത്തിലാണ് സ്‌ഥാനാര്‍ത്ഥി.
എന്‍. അരുണ്‍
മൂവാറ്റുപുഴ: ആവേശം നിറഞ്ഞ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ മൂവാറ്റുപുഴയിലെ എല്‍.ഡി.എഫ.് ക്യാമ്പില്‍ ഇനി കണക്കെടുപ്പിന്റെയും വിലയിരുത്തലുകളുടെയും ദിനങ്ങള്‍. വോട്ടെടുപ്പ് ദിവസം രാത്രി വൈകിയും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നേതാക്കള്‍ക്കൊപ്പം പോളിംഗ് ശതമാനവും ബൂത്ത് തലത്തിലുള്ള സാധ്യതകളും ചര്‍ച്ച ചെയ്‌ത ശേഷമാണ് എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥി എന്‍. അരുണ്‍ വീട്ടിലേക്ക് മടങ്ങിയത്. തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്ക് ശേഷം ഇന്നലെ രാവിലെ മുതല്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമായിരുന്നു സ്‌ഥാനാര്‍ഥി. രാവിലെയോടെ സുഹൃത്തുക്കള്‍ വീട്ടിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു.
തുടര്‍ന്ന് കച്ചേരിത്താഴത്തുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയ വോട്ടെടുപ്പിന്റെ കൃത്യമായ കണക്കുകള്‍ പരിശോധിക്കാനായി വൈകുന്നേരം വരെ അവിടെ ചിലവഴിച്ചു. സി.പി.ഐ. ജില്ല സെക്രട്ടറി എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ തെരഞ്ഞെടുപ്പ് പ്രമാണിച്ച് താത്‌കാലികമായി ഒഴിഞ്ഞിരുന്ന അരുണ്‍ ഇന്നലെ പൂര്‍ണമായും മണ്ഡലത്തിലെ വോട്ട് വിഹിതം സംബന്ധിച്ച വിലയിരുത്തലുകളില്‍ ആയിരുന്നു. ഇന്ന് രാവിലെ മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറിയുടെ വീട്ടില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കും.
അതിനുശേഷം എറണാകുളത്തെ പാര്‍ട്ടി ഓഫീസിലേക്ക് പോകും. തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെയുള്ള ദിവസങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകാനാണ് അദ്ദേഹത്തിന്റെ തീരുമാനം. മണ്ഡലത്തിലെ വോട്ടര്‍മാരിലും പ്രവര്‍ത്തകരിലുമുള്ള പൂര്‍ണ വിശ്വാസത്തിലാണ് എന്‍. അരുണ്‍.
സണ്ണി തോമസ്
മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകള്‍ക്ക് ശേഷം വോട്ടെടുപ്പിന്റെ വിലയിരുത്തലുകളിലും സ്വകാര്യ തിരക്കുകളിലുമായി എന്‍.ഡി.എ. സ്‌ഥാനാര്‍ഥി സണ്ണി തോമസ് കടൂത്താഴെ. വോട്ടെടുപ്പ് പൂര്‍ത്തിയായ വ്യാഴാഴ്‌ച രാത്രി വൈകിയും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നേതാക്കളുമായി വോട്ടുനില സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് മടങ്ങിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇന്നലെ മണ്ഡലത്തിലെ വിവിധ മരണവീടുകളില്‍ സന്ദര്‍ശനം നടത്തി കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്നുകൊണ്ടാണ് സണ്ണി തോമസ് ദിവസം ആരംഭിച്ചത്. തുടര്‍ന്ന് കോതമംഗലത്തുള്ള സ്വന്തം സ്‌ഥാപനത്തിലെത്തിയ അദ്ദേഹം തെരഞ്ഞെടുപ്പ് കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ജീവനക്കാരുമായി സംസാരിക്കു കയും ചെയ്‌തു. ഇതിനിടയില്‍ തന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ പുരോഗതിയും നേരിട്ടെത്തി വിലയിരുത്തി. ഇന്ന് വൈകുന്നേരം മണ്ഡലം തെരഞ്ഞെടു പ്പ് കമ്മിറ്റി ഓഫീസില്‍ ബി.ജെ.പി - ട്വന്റി 20 നേതാക്കളുടെ യോഗം നടക്കും. ബൂത്തുകളില്‍ നിന്നുള്ള കൃത്യമായ വോട്ടു കണക്കുകളും മുന്നണിയുടെ വിജയസാധ്യതകളും യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും. മണ്ഡലത്തില്‍ ഇത്തവണ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സണ്ണി തോമസ്.





