
കഴിഞ്ഞ ഏപ്രില്‍ മൂന്നിനായിരുന്നു നടി ഐമ റോസ്മിന്‍ സെബാസ്റ്റിയന്റെയും കെവിന്‍ പോളിന്റെയും മകള്‍ എലീനറിന്റെ ഒന്നാം പിറന്നാള്‍. മകളുടെ പിറന്നാള്‍ ഗ്രാന്‍ഡായിട്ടായിരുന്നു ഇരുവരും ആഘോഷിച്ചത്. ഇപ്പോഴിതാ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിരിക്കുകയാണ് ഐമ.
‘ചില ആശയങ്ങള്‍ വട്ടാണെന്ന് തോന്നിയേക്കാം. അത് യാഥാറഥ്യമാക്കാന്‍ ഒരാള്‍ കൂടെയുണ്ടാകുന്നത് വരെ. ലോര്‍ഡ് ഓഫ് ദ റിംഗ്‌സിലെ ഷയര്‍ തീം എന്ന് ഞാന്‍ വെറുതെ ഒന്ന് പറഞ്ഞു... നമ്മുടെ കുഞ്ഞുവാവയുടെ കാര്യങ്ങളെല്ലാം നോക്കുന്നതിനിടയിലും വെറും 3 ദിവസം കൊണ്ട് നീ അതൊരു മാജിക് ആക്കി മാറ്റി. എന്റെ ആശയങ്ങള്‍ എത്ര വൈകിയവേളയിലാണെങ്കിലും എത്ര വന്യമാണെങ്കിലും നീ ഒരിക്കലും നോ പറയാറില്ല. നിന്റെ ആ ഗുണത്തെ ഞാന്‍ എപ്പോഴും വിസ്മയത്തോടെയാണ് നോക്കി കാണുന്നത്. ഐ ലവ് യൂ.. പിന്നെ ആവേശത്തോടെ കട്ട ഹോബിറ്റ് മോഡില്‍ എത്തിയവര്‍ക്ക്.. എന്റെ ഈ ആശയത്തില്‍ വിശ്വസിച്ചതിനും ഇത് ഇത്രയധികം രസകരമാക്കിയതിനും നന്ദി. നിങ്ങളെല്ലാവരും ഒരേസമയം തമാശയായും എന്നാല്‍ പെര്‍ഫെക്റ്റായും തോന്നിപ്പിച്ചു ’എന്നാണ് പിറന്നാള്‍ ആഘോഷത്തില്‍ നിന്നുളള വീഡിയോ പങ്കുവെച്ച് കെവിന്‍ കുറിച്ചത്.
നിവിൻ പോളി നായകനായ 'ജേക്കബിന്റെ സ്വര്‍ഗരാജ്യം' എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച നടിയാണ് ഐമ സെബാസ്റ്റ്യന്‍. ദുബായിലാണ് ഐമ ഇപ്പോൾ താമസിക്കുന്നത്.
മോഹൻലാൽ നായകനായി എത്തിയ 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്ന സിനിമയുടെ നിര്‍മ്മാതാവായ സോഫിയ പോളിന്റെ മകൻ കെവിനാണ് ഐമയുടെ ജീവിതപങ്കാളി. 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്ന ചിത്രത്തിൽ ഐമയും അഭിനയിച്ചിരുന്നു. മോഹൻലാലിന്റെയും മീനയുടെയും മകളായാണ് ചിത്രത്തിൽ ഐമ വേഷമിട്ടത്.






