മലപ്പുറം: വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂം തുറക്കാന്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചു ജില്ലാ വരണാധികാരികൂടിയായ കലക്‌ടര്‍ ഉത്തരവിട്ടതായി യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ കെ.പി. അബ്‌ദുള്‍ മജീദ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണു കലക്‌ടറുടെ നടപടിയെന്നു സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. 'ഉപയോഗിക്കാത്ത വി.വി. പാറ്റ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമില്‍നിന്നു മാറ്റാന്‍ നിര്‍ദേശിച്ചാണു റിട്ടേണിങ് ഓഫീസര്‍മാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ കലക്‌ടറുടെ ഉത്തരവ് വന്നത്. വിവരം പുറത്തായതോടെ തുടര്‍നടപടി വേണ്ടെന്നു കലക്‌ടര്‍ മറ്റൊരു ഉത്തരവു നല്‍കി. ഇതിന്റെ തെളിവു കൈവശമുണ്ട്. മലപ്പുറത്ത് 16 സീറ്റും യു.ഡി.എഫ്. നേടും. പരാജയഭീതി മുന്നില്‍കണ്ടുള്ള സര്‍ക്കാരിന്റെ നീക്കമാണിതെന്നു സംശയിക്കുന്നു. സംരക്ഷണച്ചുമതലയുള്ള കലക്‌ടര്‍ക്കു സ്‌ട്രോങ് റൂം തുറക്കാനുള്ള അധികാരമില്ല. വോട്ടെണ്ണല്‍ ദിനത്തില്‍ രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നിരവധി ചട്ടങ്ങള്‍ പാലിച്ചേ തുറക്കാന്‍ പാടുള്ളൂ. ഇവയെല്ലാം നഗ്‌നമായി ലംഘിക്കുന്നതാണു കലക്‌ടറുടെ ഉത്തരവ്. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിച്ച കലക്‌ടര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കും. എവിടെയെങ്കിലും സ്‌ട്രോങ് റൂം തുറന്നിട്ടുണ്ടെങ്കില്‍ അതു കണ്ടുപിടിക്കണം'-കെ.പി. അബ്‌ദുള്‍ മജീദ് പറഞ്ഞു.
അതേ സമയം, മലപ്പുറം ജില്ലയിലെ വോട്ടിങ് യന്ത്രങ്ങള്‍ മുദ്രവച്ചു സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമുകളുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്‌ടര്‍ ഡോ. വിനയ് ഗോയല്‍ അറിയിച്ചു.
വോട്ടെടുപ്പില്‍ ഉപയോഗിച്ച എല്ലാ വോട്ടിങ് യന്ത്രങ്ങളും പോളിങ് പൂര്‍ത്തിയായശേഷം അതേ ദിവസംതന്നെ സീല്‍ ചെയ്‌ത് അതത് മണ്ഡലങ്ങളുടെ സ്‌ട്രോങ് റൂമുകളില്‍ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വീഡിയോഗ്രഫി, സി.സി. ടിവി സംവിധാനങ്ങളോടുകൂടി സീല്‍ ചെയ്‌തു സൂക്ഷിച്ചിരിക്കുകയാണ്. കേന്ദ്ര സായുധസേന ഉള്‍പ്പെടെയുള്ള ത്രിതല സുരക്ഷാ സംവിധാനത്തോടെയാണു വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. വോട്ടെടുപ്പിന് ഉപയോഗിക്കാത്ത റിസര്‍വ് വോട്ടിങ് യന്ത്രങ്ങളാണു പാര്‍ട്ടി പ്രതിനിധികളെ അറിയിച്ചശേഷം ജില്ലാതല ഇ.വി.എം. വെയര്‍ ഹൗസിലേക്കു മാറ്റാറുള്ളത്. ഇത് എല്ലാ തെരഞ്ഞെടുപ്പിലും സ്വീകരിക്കുന്ന നിയമാനുസൃതമായ പ്രക്രിയയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കൃത്യവും ലിഖിതവുമായ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണ് എല്ലാ തെരഞ്ഞെടുപ്പ് നടപടികളും സ്വീകരിക്കുന്നത്. രാഷ്‌ട്രീയ പ്രതിനിധികളെയും സ്‌ഥാനാര്‍ഥികളെയും അറിയിക്കാതെ വോട്ടിങ് മെഷീനുകള്‍ സംബന്ധിച്ചതോ പൊതുവായതോ ആയ ഒരു തെരഞ്ഞെടുപ്പു നടപടിയും സ്വീകരിക്കാറില്ല. ഇതിനു വിരുദ്ധമായി പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്നും ജില്ലാ കലക്‌ടര്‍ അറിയിച്ചു.






