കൊച്ചി: എ.ഡി.ജി.പി: എസ്. ശ്രീജിത്തിന് അബുദാബിയില്‍ ബിനാമി പേരില്‍ ആയുര്‍വേദിക് മെഡിക്കല്‍ സെന്റര്‍ ഉണ്ടെന്നടക്കം പരാതിയില്‍ മൂന്നു മാസത്തിനകം പരിശോധിച്ച് തീരുമാനമെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി.
യൂണിഫോമില്‍ ശ്രീജിത്ത് ഉദ്‌ഘാടനം ചെയ്‌ത മെഡിക്കല്‍ സെന്റര്‍ അദ്ദേഹത്തിന്റെ ബിനാമി പേരിലുള്ളതാണെന്നതടക്കം ചൂണ്ടിക്കാട്ടി താന്‍ നല്‍കിയ പരാതിയില്‍ നടപടിയില്ലെന്നാരോപിച്ച് മലപ്പുറം ആര്‍.ടി.ഒ (എന്‍ഫോഴ്‌സ്‌മെന്റ്) അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ദിപിന്‍ ഇടവണ്ണ നല്‍കിയ ഹര്‍ജിയിലാണ് ജസ്‌റ്റിസ് എ. ബദറുദ്ദീന്‍ സര്‍ക്കാരിനും വിജിലന്‍സ് ഡയറക്‌ടര്‍ക്കും നിര്‍ദേശം നല്‍കിയത്. ഫെബ്രുവരി 18-നാണ് ഹരജിക്കാരന്‍ പരാതി നല്‍കിയത്.മോട്ടോര്‍ വാഹന വകുപ്പിലെ സ്‌ഥലംമാറ്റം, സ്‌ഥാനക്കയറ്റം, സസ്‌പെന്‍ഷന്‍ തുടങ്ങിയവ ഉള്‍പ്പെടെ സര്‍വീസ് വിഷയങ്ങള്‍ സംബന്ധിച്ച ആരോപണങ്ങളില്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിജിലന്‍സിന് പരാതി നല്‍കിയത്. ശ്രീജിത്ത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നും വിദേശയാത്രകളില്‍ ചട്ടലംഘനം നടത്തിയെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. ദുബായിയില്‍ ശ്രീജിത്ത് പങ്കെടുത്ത ഉദ്‌ഘാടനച്ചടങ്ങിന്റെ രേഖകള്‍ ഹര്‍ജിക്കാരന്‍ കോടതിയില്‍ ഹാജരാക്കി. ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും സത്യമാണെങ്കില്‍ അന്വേഷണം അനിവാര്യമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഉത്തരവിന്റെ പകര്‍പ്പ് എതിര്‍ കക്ഷികള്‍ക്കൂം നല്‍കണമെന്ന് നിര്‍ദേശിച്ച് കോടതി ഹര്‍ജി തീര്‍പ്പാക്കി.






