ആലപ്പുഴ: തനിക്കെതിരേ ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റിട്ട ആലപ്പുഴയിലെ ബി.ജെ.പി. വനിതാ നേതാവിനെതിരേ ഭീഷണി മുഴക്കുന്ന പാലക്കാട്ടെ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ ഫോണ്‍സംഭാഷണം പുറത്ത്. ആലപ്പുഴ നോര്‍ത്ത് ജില്ല മുന്‍ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെ ഭീഷണിപ്പെടുത്തുന്ന സംഭാഷണമാണ് പുറത്തുവന്നത്.
അടിച്ച് പണിക്കുറ്റം തീര്‍ക്കുമെന്നാണ് ശോഭയുടെ ഭീഷണി. പാലക്കാട് പണം നല്‍കിയ സ്‌ത്രീക്കു പിന്നില്‍ ബിന്ദുവാണെന്നും ശോഭ ആരോപിക്കുന്നു. ശോഭയ്‌ക്കെതിരേ വിമര്‍ശനവുമായി ബിന്ദു ഫെയ്‌സ് ബുക്ക് പോസ്‌റ്റിലൂടെ രംഗത്തെത്തിരുന്നു. ഇതിനു പിന്നാലെയാണ് ഫോണ്‍സംഭാഷണം പുറത്തുവന്നത്.
ആലപ്പുഴ രജിസ്‌ട്രേഷന്‍ നമ്പരിലുള്ള കാറിലാണ് അവര്‍ വന്നതെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും ശോഭ പറയുന്നത് പുറത്തുവന്ന ഫോണ്‍സംഭാഷണത്തിലുണ്ട്. 'നിങ്ങള്‍ ബി.ജെ.പി. പ്രവര്‍ത്തക അല്ലേ' എന്ന് ചോദിച്ചാണ് ശോഭ സംഭാഷണം തുടങ്ങുന്നത്. 'നിങ്ങള്‍ക്കെതിരേ സംസ്‌ഥാന അധ്യക്ഷനു പരാതി കൊടുക്കും. പൂന്തുറ ശ്രീകുമാറുമായി എന്തിനാണ് എന്നെ ബന്ധപ്പെടുത്തുന്നത്. തോന്നിവാസം ചെയ്‌താല്‍ അടിച്ചു പണിക്കുറ്റം തീര്‍ക്കും' എന്നു പറയുന്നതും പുറത്തുവന്ന ശബ്‌ദരേഖയിലുണ്ട്. വനിതാ നേതാവിനെതിരേ അശ്ലീല അധിക്ഷേപങ്ങളും ശോഭാ സുരേന്ദ്രന്‍ ഉന്നയിക്കുന്നുണ്ട്. വിവാദത്തെത്തുടര്‍ന്ന് ശോഭാ സുരേന്ദ്രനെതിരേ കുട്ടനാട് ചമ്പക്കുളം സ്വദേശിയായ ബിന്ദു പോലീസില്‍ പരാതി നല്‍കി. കോള്‍ റെക്കോര്‍ഡ് രേഖകള്‍ അടക്കമാണ് പരാതി നല്‍കിയത്.
തനിക്ക് ഈ വിഷയവുമായി യാതൊരു ബന്ധവുമില്ലെന്നും ആരോപണങ്ങള്‍ തെളിയിക്കേണ്ടത് ശോഭയുടെ ചുമതലയാണെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. ഫോണിലൂടെ സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിക്കുകയും തന്നെയും ഭര്‍ത്താവിനെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി കാണിച്ച് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ഓണ്‍ലൈനായാണ് ബിന്ദു പരാതി നല്‍കിയത്. പാര്‍ട്ടിയിലെ ചില നേതാക്കള്‍ സംഘം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായും ഇവര്‍ ആരോപിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ ആലപ്പുഴയിലെ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന കടുത്ത വിഭാഗീയതയുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നാണു വിവരം. പാര്‍ട്ടിയെ രണ്ടു ജില്ലകളായി തിരിച്ചതിന് പിന്നാലെ രൂപപ്പെട്ട ചേരിതിരിവുകളാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമെന്നും സൂചനയുണ്ട്.
അതേസമയം, ബിന്ദു വിനയകുമാറിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്‌തതായി ബി.ജെ.പി. സംസ്‌ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് അറിയിച്ചു. ആലപ്പുഴ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റായ ബിന്ദുവിനെതിരേ, തുടര്‍ച്ചയായ അച്ചടക്ക ലംഘനങ്ങളുടെ പേരിലാണു നടപടിയെന്നാണു വിശദീകരണം.






