തിരുവനന്തപുരം:'കുംഭമേള പെണ്‍കുട്ടി' കേരളത്തിലെത്തി വിവാഹിതയായ സംഭവത്തില്‍ പോക്‌സോ കേസിനു പുറമേ പട്ടികവര്‍ഗപീഡനക്കുറ്റവും ചുമത്തും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹത്തിന് ഒത്താശ ചെയ്‌ത സി.പി.എം. നേതാക്കള്‍ പ്രതിക്കൂട്ടിലാകുമെന്നും സൂചന.
പെണ്‍കുട്ടിയെ വിവാഹം കഴിച്ച യുവാവിനെതിരേ മധ്യപ്രദേശ് പോലീസാണ് പോക്‌സോ കേസെടുത്തത്. വിവാഹത്തിനായി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാന്‍ കൂട്ടുനിന്നവരും പ്രതികളാകുമെന്ന് ദേശീയ പട്ടികവര്‍ഗ കമ്മിഷന്റെ നിയമോപദേശകന്‍ പ്രകാശ് ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.
വിവാഹസമയത്ത് പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കമ്മിഷന്‍ കണ്ടെത്തിയതിനേത്തുടര്‍ന്നാണ് മധ്യപ്രദേശ് പോലീസ് വരന്‍ ഫര്‍മാന്‍ ഖാനെതിരേ പോക്‌സോ കേസെടുത്തത്. കഴിഞ്ഞ മാര്‍ച്ച് 11-ന് തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീനൈനാര്‍ ദേവക്ഷേത്രത്തിലായിരുന്നു വിവാഹം. മന്ത്രി വി. ശിവന്‍കുട്ടി, സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, എ.എ. റഹിം എം.പി. തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുക്കുകയും ഇതാണ് യഥാര്‍ത്ഥ 'കേരളാ സ്‌റ്റോറി'യെന്ന് അവകാശപ്പെടുകയും ചെയ്‌തു. എന്നാല്‍, വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കൈയെടുത്തില്ലെന്നാണ് ഇപ്പോള്‍ സി.പി.എം. നേതൃത്വത്തിന്റെ നിലപാട്.






