ന്യൂഡല്‍ഹി: വിവിധ സംസ്‌ഥാനങ്ങളില്‍ നിരവധി കേസുകളില്‍ പ്രതിയും ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ച കുപ്രസിദ്ധ കുറ്റവാളി സാഹില്‍ ചൗഹാനെ ശനിയാഴ്‌ച തായ്‌ലന്‍ഡില്‍നിന്നു നാടുകടത്തുകയും ഇന്ത്യയില്‍ എത്തിച്ചെന്നും സി.ബി.ഐ. ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
ഇന്റര്‍പോള്‍ സംവിധാനങ്ങളുപയോഗിച്ച് സി.ബി.ഐ. ബാങ്കോക്കില്‍ ചൗഹാനെ കണ്ടെത്തി. വെള്ളിയാഴ്‌ച ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ചു. ഇവിടെ സംസ്‌ഥാന പോലീസ് ഇയാളെ കസ്‌റ്റഡിയിലെടുത്തു.
വിദേശകാര്യ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സഹകരണത്തോടെ 10-ന് തായ്‌ലന്‍ഡില്‍നിന്ന് പിടികിട്ടാപ്പുള്ളി സാഹില്‍ ചൗഹാനെ തിരികെ കൊണ്ടുവരുന്നതില്‍ സി.ബി.ഐ. വിജയിച്ചെന്നു ഏജന്‍സി പ്രസ്‌താവനയില്‍ പറയുന്നു.
കൊലപാതകം, കൊലപാതകശ്രമം, കവര്‍ച്ച, നിയമവിരുദ്ധ തോക്കുകളുടെ ഉപയോഗം എന്നിവ ഉള്‍പ്പെടുന്ന നിരവധി ക്രിമിനല്‍ കേസുകളില്‍ ചൗഹാന്‍ പ്രതിയാണ്. ഹരിയാന പോലീസ് സി.ബി.ഐയോട് ഇയാള്‍ക്കെതിരേ റെഡ് നോട്ടീസ് പുറപ്പെടുവിക്കാന്‍ അഭ്യര്‍ഥിച്ചുവെന്ന് അതില്‍ പറയുന്നു.
ഹരിയാന, പഞ്ചാബ്, ചണ്ഡീഗഡ് പ്രദേശങ്ങളിലാണ് ചൗഹാന്റെ പ്രവര്‍ത്തനമേഖല. 2017 ജനുവരി 4 ന് ജഗാധരി കോടതിയില്‍ എതിരാളിയായ ഗുണ്ടാസംഘം മോനു റാണയെ വെടിവച്ചതിനു 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു. പക്ഷേ ജാമ്യത്തില്‍ പുറത്തിറങ്ങിയശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നുകളഞ്ഞു.
ഭൂപ്പി റാണ ഗാങ്ങിലെ പ്രധാന അംഗമായ ചൗഹാന്‍ കൊലപാതകം, കൊലപാതകശ്രമം, കവര്‍ച്ച, നിയമവിരുദ്ധ ആയുധങ്ങള്‍ ഉപയോഗിക്കല്‍ എന്നിവ ഉള്‍പ്പെടുന്ന നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.






