ന്യൂഡല്‍ഹി: സാമൂഹികമാധ്യമങ്ങളില്‍ വൈറലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മിലുള്ള സൗഹൃദ സംഭാഷണം. തന്റെ കാറില്‍നിന്നിറങ്ങിയ പ്രധാനമന്ത്രി, രാഹുല്‍ ഗാന്ധിയുമായി കുശലപ്രശ്‌നം നടത്തുന്നതാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ഇരുവരും വളരെ അടുത്തുനിന്ന് ശ്രദ്ധയോടെ സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ സാധാരണയായി ഉണ്ടാകാറുള്ള രൂക്ഷമായ രാഷ്‌ട്രീയ വാക്‌പോരുകള്‍ക്കിടയില്‍, പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള നേരിട്ടുള്ള അനൗദ്യോഗിക സംഭാഷണം ശ്രദ്ധേയമായി. ഇരുവരും സംസാരിക്കുന്നത് കണ്ട് ചുറ്റുമുള്ളവര്‍ അല്‍പനേരം കൗതുകത്തോടെ നോക്കിനിന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമൂഹിക പരിഷ്‌കര്‍ത്താവ് മഹാത്മ ജ്യോതിറാവു ഫൂലെയുടെ ഇരുന്നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ലമെന്റ് വളപ്പിലെ പ്രേരണാ സ്‌ഥലില്‍ പുഷ്‌പാര്‍ച്ചന നടത്താനെത്തിയതായിരുന്നു പ്രധാനമന്ത്രി.
ചടങ്ങ് കഴിഞ്ഞ് സ്‌പീക്കര്‍ ഓം ബിര്‍ള അടക്കമുള്ളവര്‍ക്കൊപ്പം നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയെ മോദി കൈകൂപ്പി അഭിവാദ്യം ചെയ്‌തു. രാഹുലിന് തെട്ടടുത്ത് നില്‍ക്കുന്ന രണ്ടു പേരെകൂടി അഭിവാദ്യചെയ്‌ത് മടങ്ങുമ്പോള്‍ കാറിലേക്ക് കയറുന്നതിന് മുമ്പാണ് രാഹുല്‍ഗാന്ധിയോട് മോദി സംസിരിക്കുന്നത്. ഒരു മിനിറ്റോളം നീണ്ട സംഭാഷണത്തിന് മോദി തന്നെയാണ് തുടക്കം കുറിച്ചത്. സമീപത്തുള്ള മറ്റു നേതാക്കള്‍ ഇരുവരുടെ സംഭാഷണം ശ്രദ്ധിക്കുന്നത് വീഡിയോയില്‍ കാണാം. പിന്നീട് മോദി കാറില്‍ കയറി മടങ്ങി. കേന്ദ്രമന്ത്രിമാരായ ജെ.പി നഡ്‌ഡ, അര്‍ജുന്‍ റാം മേഘ്‌വാള്‍, രാജ്യസഭ മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
മോദി-രാഹുല്‍ കൂടിക്കാഴ്‌ചയുടെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ 'പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സംസാരിക്കുന്നത് കാണുന്നത് സന്തോഷകരമാണ്' എന്ന് നിരവധി പേര്‍ എക്‌സില്‍ കുറിച്ചു.





