തിരുവനന്തപുരം: കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. വിവാഹസമയത്ത് പെണ്‍കുട്ടി ഹാജരാക്കിയ ആധാര്‍ കാര്‍ഡ് യഥാര്‍ത്ഥമാണെന്നും യുഐഡിഎഐ സൈറ്റില്‍ ഇത് പരിശോധിച്ച് ഉറപ്പുവരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആധാര്‍ നമ്പറും ജനന സര്‍ട്ടിഫിക്കറ്റിലെ നമ്പറും ഒന്ന് തന്നെയാണെങ്കിലും, ജനന സര്‍ട്ടിഫിക്കറ്റ് സ്ഥിരീകരിക്കാന്‍ നിലവില്‍ സംവിധാനമില്ലെന്നും പോലീസ് വിശദീകരിക്കുന്നു. ഈ വിഷയത്തില്‍ ഡിജിപി ഈ മാസം 22ന് ദേശീയ പട്ടികവര്‍ഗ കമ്മീഷന് മുമ്പാകെ ഹാജരാകേണ്ടതുണ്ട്.
വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ കണ്ടെത്തലിനെത്തുടര്‍ന്ന് മധ്യപ്രദേശ് പോലീസ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീ നൈനാര്‍ ദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. പെണ്‍കുട്ടിക്ക് അന്ന് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്നും, വിവാഹത്തിനായി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചെന്നും കമ്മീഷന്‍ കണ്ടെത്തി. 2009 ഡിസംബറിലാണ് പെണ്‍കുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു.
സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഫര്‍മാന്‍ ഖാനെതിരെ പട്ടികവര്‍ഗ പീഡന വിരുദ്ധ നിയമപ്രകാരവും വ്യാജരേഖ ചമച്ചതിനും കേസെടുക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. മറ്റ് അന്വേഷണങ്ങള്‍ നടത്താതെ ആധാര്‍ കാര്‍ഡ് മാത്രം വിശ്വസിച്ചാണ് വിവാഹം നടത്തിയതെന്നും, പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ചാണ് കേരളത്തിലെത്തിച്ചതെന്നും പരാതിക്കാരനായ പ്രഥം ദുബൈ ആരോപിച്ചു. വിവാഹം 'ലൗ ജിഹാദ്' ആണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പ്രതികളാക്കണമെന്നും ആവശ്യപ്പെട്ട് മധ്യപ്രദേശ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.






