കണ്ണൂര്‍: കണ്ണൂര്‍ ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി ആര്.എല്‍ നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് . കോളജ് അധ്യാപകരില്‍ നിന്നും ജാതിയ അധിക്ഷേപത്തിനും കടുത്ത മാനസിക സമ്മര്‍ദ്ദത്തിനും നിതിന്‍ വിധേയനായെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇത് അന്വേഷിക്കേണ്ടതും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കേണ്ടതുമാണ്. പരിഷ്കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്. രണ്ട് അധ്യാപകരെ സസ്പെന്‍ഡ് ചെയതത് കൊണ്ട് നടപടികള്‍ പൂര്‍ത്തിയാകില്ല. ഇത്തരം സംഭവങ്ങള്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഇനിയും ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളാണ് പോലീസ് സ്വീകരിക്കേണ്ടത്. നിതിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് ഒപ്പം ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കോളജ് അധികാരികളുടെ നടപടികള്‍ സംശയാസ്പദം: അഡ്വ. മാര്ട്ടിന് ജോര്‍ജ്
അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ നിതിന്‍ രാജിന്റെ മരണത്തില്‍ കോളേജധികാരികളുടെ നിലപാട് സംശയാസ്പദമാണെന്നും പലതും മൂടിവെക്കുകയാണെന്നും ഡിസിസി പ്രസിഡന്റ് അഡ്വ. മാര്ട്ടിന് ജോര്‍ജ്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് സ്വാഗതാര്‍ഹമാണ്. അന്വേഷണം മുന്‍വിധിയോടെ പാടില്ലെന്നും നിതിന്‍ രാജിനെ മരണത്തിലേക്കു നയിച്ച സാഹചര്യങ്ങള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും മാര്ട്ടിന് ജോര്‍ജ് ആവശ്യപ്പെട്ടു.
ഉന്നതവിദ്യാഭ്യാസ മേഖല സംസ്ഥാനത്ത് എത്രമാത്രം ജീര്‍ണിച്ചുവെന്ന് വ്യക്തമാകുന്ന വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ജാതിവിവേചനവും അത്തരം അധിക്ഷേപങ്ങളും കേരളത്തിലും നടക്കുന്നുവെന്നത് നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ വരേണ്യ വത്കരണവും നിലവാര തകര്‍ച്ചയുമാണ് പ്രകടമാക്കുന്നത്. നിതിന്‍ രാജിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് മാര്ട്ടിന് ജോര്‍ജ് ആവശ്യപ്പെട്ടു.
പുറത്തു വരുന്ന വിവരങ്ങള്‍ ഗൗരവമായ അന്വേഷണത്തിന് വിധേയമാക്കണം: കെ.കെ രാഗേഷ്
നിതിന്‍ രാജിന്റെ മരണം സംബന്ധിച്ച് പുറത്തു വരുന്ന വിവരങ്ങള്‍ ഗൗരവമായ അന്വേഷണത്തിന് വിധേയമാക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആവശ്യപ്പെട്ടു. മതനിരപേക്ഷ, നവോത്ഥാന കേരളത്തിന് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്ത വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിലവില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജാതിവിവേചനത്തിന്റെ മറ്റൊരു പതിപ്പാണ് ഇവിടെയും അരങ്ങേറിയത് എന്ന് സംശയിക്കണം.
അധ്യാപകര്‍ നിരന്തരമായി അധിക്ഷേപിച്ചതിനെ കുറിച്ച് നിതിന്‍ രാജിന്റെ തന്നെ സാക്ഷ്യമുണ്ട്. കേരളീയ പൊതുബോധം ആഴത്തില്‍ ചര്‍ച്ച ചെയേ്േണ്ടുന്ന വിഷയമാണിത്. കാമ്പസുകളെ അരാഷ്ര്ടീയമാക്കി മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള പൊള്ളുന്ന ചോദ്യചിം കൂടിയാണ് ഈ മരണം. നിതിന്‍ രാജിന്റെത് ആത്മഹത്യ തന്നെയാണോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കണമെന്ന് കെ.കെ രാഗേഷ് പ്രസ്താവനയില്‍ പറഞ്ഞു.
ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭവുമായി മുന്നോട്ടു പോകും: ബിജു ഏളക്കുഴി
നിതിന്‍ രാജിന്റെത് അധിക്ഷേപ കൊലയാണെന്ന് ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി പ്രസ്താവനയില്‍ ആരോപിച്ചു. എങ്ങിനെയാണോ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അധിക്ഷേപത്തില്‍ മനംനൊന്ത് എ ഡി എം നവീന്‍ ബാബു ആത്മഹത്യ ചെയ്തത് അതിനേക്കാള്‍ ഭീകരമായ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് നിതിന്‍ രാജിന്റെ ദാരുണ മരണം.
കേവലം ഒരു ആത്മഹത്യ ആയി തള്ളിക്കളയേണ്ട ഒരു സംഭവമല്ല ഇത്. നിരന്തരമായ ജാതീയ അധിക്ഷേപത്തിന്റെയും അപമാനിക്കപ്പെടലിന്റെയും ഇരയാണ് ഈ യുവാവ് പരിഷ്കൃതമെന്നും നമ്പര്‍ വണ്‍ എന്നും മേനി പറഞ്ഞു നടക്കുന്നവര്‍ ഈ ദാരുണ മരണത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉത്തരേന്ത്യയില്‍ ഏതെങ്കിലും മരണം ഉണ്ടായാല്‍ അതിന്റെ പിന്നാമ്പുറം തേടി പോകുന്ന സിപിഎമ്മിന്റെയും സിപിഐയുടെയും നേതാക്കളുടെ മൗനം ഞെട്ടിക്കുന്നതാണ്. കേവലം രണ്ട് അധ്യാപകര്‍ക്കെതിരെ നടപടിയെടുത്തതുകൊണ്ടുമാത്രം പരിഹരിക്കപ്പെടാവുന്ന പ്രശ്നമല്ല ഈ ആത്മഹത്യ. ഇത്തരത്തില്‍ സമാനമായ സംഭവങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ടോ എന്നു കൂടി പരിശോധിക്കേണ്ടതാണ്. പ്രത്യേക അന്വേഷണസംഗമോ അതല്ലെങ്കില്‍ ദേശീയ അന്വേഷണ ഏജന്‍സികളോ ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തി സ്ഥാപനത്തിനെതിരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണം. ദന്തല്‍ വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതോടൊപ്പംന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി ബിജെപി മുന്നോട്ടുപോകുമെന്നും ബിജു ഏളക്കുഴി പറഞ്ഞു.




