
പയ്യാവൂര്‍: ചാപ്പക്കടവില്‍ നിന്ന് ഏറ്റുപാറയിലേക്കുള്ള റോഡില്‍ ടാറിങ് തകര്‍ന്ന് വാഹന ഗതാഗതം ഏറെ ദുസഹമായ അവസ്‌ഥയിലായി. നാല് കിലോമീറ്റര്‍ ദൂരമുള്ള ഈ റോഡിന്റെ ഇരുവശങ്ങളിലുമായി വസിക്കുന്ന അറുനൂറോളം കുടുംബങ്ങളുടെ ഏക യാത്രാമാര്‍ഗമാണിത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാറിങ് നടത്തിയ റോഡില്‍ പിന്നീട് യാതൊരു അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ ഫണ്ടുപയോഗിച്ച് നടത്തിയുള്ള റോഡ്, കലുങ്ക് നിര്‍മാണങ്ങളിലെ അശാസ്‌ത്രീയതയും കുത്തനെ കയറ്റവും ഇറക്കവും വളവുകളുമുള്ള റോഡിന് അത്യാവശ്യമായി വേണ്ടിയിരുന്ന ഓവുചാലുകള്‍ ഇല്ലാത്തതുമാണ് അകാലത്തില്‍ റോഡിനുണ്ടായ തകര്‍ച്ചക്ക് പ്രധാന കാരണം.
ഓരോ മഴക്കാലം കഴിയുമ്പോഴും റോഡിലുടനീളം രൂപപ്പെടുന്ന വന്‍ഗര്‍ത്തങ്ങള്‍ നാട്ടുകാര്‍ ചേര്‍ന്ന് മണ്ണിട്ടു നികത്തിയാണ് താത്‌കാലികമായ വാഹന ഗതാഗതം സാധ്യമാക്കുന്നത്. ഓട്ടോറിക്ഷയും ചെറുവാഹനങ്ങളുമടക്കമുള്ളവയുടെ ഗതാഗതം സുഗമമാക്കാന്‍ എത്രയും വേഗത്തില്‍ ഈ റോഡിന്റെ നവീകരണത്തിനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.



