
ഇതിഹാസ പിന്നണി ഗായിക ആശാ ഭോസ്‌ലെയുടെ വിയോഗത്തില്‍ അനുശോചനം പങ്കുവെച്ച് ഗായിക ശ്രേയ ഘോഷാല്‍. തലമുറകളെ സ്വാധീനിച്ച ഒരു ശബ്ദമാണ് നമുക്ക് നഷ്ടമായതെന്നും, സംഗീതത്തെ തന്നെ പുനര്‍നിര്‍വചിച്ച ആത്മാവായിരുന്നു ആശ ഭോസ്‌ലെ ജിയെന്നും ശ്രേയ ഘോഷാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘തലമുറകളെ നിര്‍വചിച്ച ഒരു ശബ്ദം ഇന്ന് നമുക്ക് നഷ്ടമായിരിക്കുന്നു. സംഗീതത്തെ തന്നെ പുനര്‍നിര്‍വചിച്ച ഒരു ആത്മാവ്. ആശാ ഭോസ്‌ലെ ജി വെറുമൊരു ഇതിഹാസമായിരുില്ല, അവര്‍ അതിരുകളില്ലാത്ത പ്രതിഭയായിരുന്നു. അവരുടെ പാട്ടുകൾ കേട്ടാണ് ഞാൻ വളർന്നത്, അവരിൽ നിന്നാണ് ഞാൻ പഠിച്ചത്... അവരുടെ അനായാസമായ വൈവിധ്യം എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഓരോ സ്വരത്തിനും ജീവൻ നൽകാനും, ഓരോ വികാരത്തെയും അത്രമേൽ വ്യക്തിപരമായി അനുഭവിപ്പിക്കാനും അവർക്ക് കഴിഞ്ഞിരുന്നു.
ഏറ്റവും കുസൃതി നിറഞ്ഞ ഈണങ്ങൾ മുതൽ ആഴമേറിയ ഗസലുകൾ വരെയും, മറാത്തി, ബംഗാളി തുടങ്ങി എണ്ണമറ്റ ഭാഷകളിലെ പാട്ടുകളിലെ അവരുടെ അസാധാരണമായ വൈദഗ്ധ്യവും എല്ലാം അവർക്ക് മാത്രം സാധിക്കുന്ന രീതിയിൽ അവർ ചെയ്തു. ഞങ്ങളെപ്പോലുള്ള അനേകം പേർക്ക് അവർ വെറുമൊരു പ്രചോദനം മാത്രമായിരുന്നില്ല... ഞങ്ങളുടെ സംഗീതാത്മാവിന്റെ തന്നെ ഭാഗമായിരുന്നു.
എന്റെ ജീവിതകാലത്ത് അവരുടെ മഹത്വത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു. അവർ പ്രചോദനം നൽകിയ ഓരോ കലാകാരനിലൂടെയും, അവർ തൊട്ടുണർത്തിയ ഓരോ ഹൃദയത്തിലൂടെയും ആ ശബ്ദം കാലാതീതമായി മുഴങ്ങിക്കൊണ്ടിരിക്കും. സംഗീതത്തിൽ വിശ്രമിക്കൂ, ആശാ തായ്. നിങ്ങളുടെ പൈതൃകം ഒരിക്കലും മായുകയില്ല.’ശ്രേയാ ഘോഷിന്റെ വാക്കുകള്‍.
ഇന്ത്യൻ സംഗീതത്തിലെ സുവർണ്ണ കാലഘട്ടത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് 92-ാം വയസില്‍ ആശാ ഭോസ്‌ലെ യാത്രയായത്. മുംബൈയിലെ ബ്രീച്ച്കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിയോഗം. ഹൃദയ-ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മകന്‍ ആനന്ദ്‌ഭോസ്‌ലെയാണ് ആശാ ഭോസ്‌ലെയുടെ മരണവിവരം സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ 11 മണി മുതല്‍ സ്വവസതയില്‍ അവരുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകീട്ട് നാല് മണിയോടെ ശിവാജി പാര്‍ക്കിലായിരിക്കും സംസ്‌കാരം.






