ഹൈദരാബാദ്: ഐ.പി.എല്‍. ക്രിക്കറ്റ് ടീം സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്ക് ''നാണംകെട്ട'' റെക്കോഡ്. ട്വന്റി20 യില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ തവണ ഡക്കാകുന്ന ഇന്ത്യന്‍ താരമാണ് അഭിഷേക്.
രാജസ്ഥാന് റോയല്‍സിനെതിരേ നടന്ന മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ പുറത്തായതോടെയാണ് അഭിഷേക് പുതിയ റെക്കോഡിട്ടത്. ജോഫ്ര ആര്‍ച്ചറിന്റെ പന്തിനെ അടിച്ചു പറത്താന്‍ ശ്രമിച്ച അഭിഷേകിനെ രവി ബിഷ്ണോയ് പിടികൂടി. നേരത്തെ ഈ പട്ടികയില്‍ സഞ്ജു സാംസണ്, രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പമായിരുന്നു അഭിഷേക്. ഏഴാം തവണയും ഡക്കായി ഒന്നാമതെത്തി. 18 ഇന്നിങ്സുകളില്‍ ഏഴിലാണു താരം റണ്ണെടുക്കാതെ മടങ്ങിയത്. രോഹിത് 2018 ല്‍ 32 ഇന്നിങ്സുകളിലായി ആറ് ഡക്കുകള്‍ സ്വന്തമാക്കി. സഞ്ജു 2024 ലാണു 32 ഇന്നിങ്സുകളിലായി ആറു ഡക്കുകളെടുത്തത്.
ഐ.പി.എല്ലില്‍ 24-ാം തവണയാണ് രാജസ്ഥാന് റോയല്‍സ് എതിരാളി റണ്ണെടുക്കും മുമ്പ് വിക്കറ്റെടുക്കുന്നത്്. രണ്ടാം സ്ഥാനത്തു മുംബൈ ഇന്ത്യന്‍സാണ് (22). 12 തവണ രാജസ്ഥാന് ബൗളര്‍മാര്‍ മത്സരത്തിന്റെ ആദ്യ പന്തില്‍ വിക്കറ്റെടുത്തു. ശിഖര്‍ ധവാനാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ആദ്യ പന്തില്‍ തന്നെ പുറത്തായ മറ്റൊരു താരം. 2018 ലെ ക്വാളിഫയര്‍ ഒന്നില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേയാണ് ധവാന് ആദ്യ പന്തില്‍ പുറത്തായത്.
ബ്ലാസ്റ്റേഴ്സ് പരാതി നല്കി
കൊച്ചി: ബംഗളുരു എഫ്.സിക്കെതിരേ നടന്ന ഇന്ത്യന്‍ ഫുട്ബോള്‍ ലീഗ് മത്സരത്തിനിടെ വംശീയ അധിക്ഷേപമുണ്ടായെന്ന പരാതിയുമായി കേരളാ ബ്ലാസ്റ്റേഴ്സ്.
കണ്ഠീരവ സ്റ്റേഡിയത്തില്‍ 11 നു നടന്ന മത്സരത്തിനിടയില്‍ ബ്ലാസ്റ്റേഴ്സ് താരത്തെ ''മൃഗശാലയിലേക്ക് പോകൂ'' എന്ന് അധിക്ഷേപിക്കുന്ന വീഡിയോ വൈറലായി. ഇതിനെതിരേ ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ ശക്തമായി അപലപിച്ചു. ഐ.എസ്.എല്‍. അധികൃതര്‍ക്കും അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനും ബ്ലാസ്റ്റേഴ്സ് പരാതി നല്കി.





