തിരുവനന്തപുരം: ലോണ്‍ ആപ്പില്‍നിന്നുള്ള സമ്മര്‍ദം മൂലമാണ് കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍രാജ് ജീവനൊടുക്കിയതെന്ന പോലീസ് വാദം തള്ളി കുടുംബം. അതിന്റെ പേരില്‍ നിതിന്‍ ആത്മഹത്യ ചെയ്യില്ലെന്നും കേസ് വഴിതിരിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും നിതിന്റെ സഹോദരി നികിതരാജ് പറഞ്ഞു. അധ്യാപികയുടെ പേരില്‍ നിതിന്‍ ഓണ്‍ലൈന്‍ വായ്‌പയെടുത്തിട്ടില്ല. റഫറന്‍സ് നമ്പറായി കൊടുത്തതു തന്റെയും സഹോദരിയുടെയും മാതാപിതാക്കളുടെയും ഫോണ്‍ നമ്പറുകളാണ്. നിതിന്‍ പ്രിന്‍സിപ്പലിന്റെ ഓഫീസില്‍നിന്ന് ഇറങ്ങിയശേഷം എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. തങ്ങളെ മൂന്നുപേരെയും മാതാപിതാക്കള്‍ വായ്‌പയെടുത്താണ് പഠിപ്പിച്ചത്. വായ്‌പയെടുത്ത് പറ്റിച്ച് പോകുന്നവരല്ല. ഓണ്‍ലൈന്‍ വായ്‌പയുടെ പേരിലല്ല നിതിന്‍ ആത്മഹത്യ ചെയ്‌തത്. മൂന്നുമാസം സിക്ക് റൂമില്‍ കഴിഞ്ഞിട്ടും മനക്കരുത്തോടെയാണ് അവന്‍ ജീവിച്ചത്. ബുദ്ധിമുട്ടുണ്ടായിരുന്നെങ്കില്‍ നേരത്തേ ഇട്ടെറിഞ്ഞ് വന്നേനെയെന്നും നികിത പറഞ്ഞു.






