
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കൂട്ടിക്കിഴിക്കലുകളിലാണ് പത്തനംതിട്ട ജില്ലയിലെ മുന്നണിനേതൃത്വങ്ങള്‍. ബി.ജെ.പി വോട്ടുകള്‍ എത്രത്തോളം നിര്‍ണായകമാകുമെന്ന ആശങ്ക ഇടത്-വലത് മുന്നണികള്‍ക്കുണ്ട്. ഒരുകാലത്ത് ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലമായിരുന്നു ആറന്മുള. പിന്നീട് പ്രതാപത്തില്‍ ഇടിവുണ്ടായെങ്കിലും നിര്‍ണായക മണ്ഡലങ്ങളിലൊന്നായി ആറന്മുള തുടരുന്നു.
ജില്ലയില്‍ ബി.ജെ.പി സ്‌ഥാനാര്‍ഥികള്‍ മത്സരിച്ചത് ആറന്മള, തിരുവല്ല, അടൂര്‍ മണ്ഡലങ്ങളിലാണ്. മൂന്നിടത്തും പ്രമുഖരെത്തന്നെയാണു പാര്‍ട്ടി നിയോഗിച്ചത്.
ആറന്മുളയില്‍ മുന്‍ സംസ്‌ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും സംസ്‌ഥാന ജനറല്‍ സെക്രട്ടറിമാരായ അനൂപ് ആന്റണി, പന്തളം പ്രതാപന്‍ എന്നിവര്‍ തിരുവല്ലയിലും അടൂരിലും മത്സരിച്ചു. ഘടകകക്ഷികളായ ട്വന്റി-20 ക്ക് റാന്നിയും ബി.ഡി.ജെ.എസിന് കോന്നിയും നല്‍കി. ഇവിടങ്ങളിലെ ബി.ജെ.പി വോട്ടുകളില്‍ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ എന്നാണ് എല്‍.ഡി.എഫും യു.ഡി.എഫും ആലോചിക്കുന്നത്. അവസാനസമയത്ത് ഘടകകക്ഷികള്‍ മത്സര രംഗത്തിറങ്ങിയ ഈ മണ്ഡലങ്ങളില്‍ പാര്‍ട്ടി അനുഭാവികളുടെ വോട്ട് ഇരുമുന്നണികളും നോട്ടമിട്ടിരുന്നു.ഇവ ആര്‍ക്കൊപ്പമെന്നത് വിധിനിര്‍ണയത്തെ സ്വാധീനിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.
ബി.ജെ.പി നേതാക്കള്‍തന്നെ സ്‌ഥാനാര്‍ഥികളാകുകയും താമര ചിഹ്‌നത്തില്‍ മത്സരിക്കുകയും ചെയ്‌ത ആറന്മുള, തിരുവല്ല, പന്തളം മണ്ഡലങ്ങളില്‍ പാര്‍ട്ടി വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്‌തിട്ടുണ്ടെന്നാണു വിലയിരുത്തല്‍. ഇതില്‍ തിരുവല്ലയിലും ആറന്മുളയിലും ശക്‌തമായ മത്സരമാണു നടന്നത്. പാര്‍ട്ടി വോട്ടുകള്‍ക്കൊപ്പം പുറമേനിന്നുള്ള പിന്തുണകൂടി ലഭിച്ചാല്‍ വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്. പ്രധാനമന്ത്രി നേരിട്ടു പ്രചാരണത്തിനെത്തിയ തിരുവല്ലയില്‍ ഇതിന്റെ ഗുണം അനുപ് ആന്റണിക്കു ലഭിച്ചിട്ടുണ്ടാകുമെന്നു കരുതുന്നു.
2016 ല്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരി തിരുവല്ലയില്‍ മത്സരിച്ചപ്പോള്‍ 31439 വോട്ടും 2021 ല്‍ അശോകന്‍ കുളനട മത്സരിച്ചപ്പോള്‍ 22614 വോട്ടുകളുമാണു ലഭിച്ചിരുന്നത്. ഇത്തവണ മൂന്നു മുന്നണി സ്‌ഥാനാര്‍ഥികളും ക്രിസ്‌ത്യന്‍ വിഭാഗത്തില്‍ നിന്നായതിനാല്‍ സഭകളുടെ പിന്തുണ ഭേദപ്പെട്ട നിലയില്‍ ലഭിച്ചിട്ടുണ്ട്. ഇതെല്ലാം പരിശോധിക്കുമ്പോള്‍ വിജയംവരെ എത്താമെന്നും അല്ലെങ്കില്‍ രണ്ടാം സ്‌ഥാനത്തു വരുമെന്നും നേതൃത്വം പറയുന്നു. കടുത്ത സഭാവോട്ടുകള്‍ ആര്‍ക്കൊപ്പമെന്നതും വിധി നിര്‍ണയത്തില്‍ നിര്‍ണായകമാകും. മാര്‍ത്തോമാ സഭയിലെ പ്രമുഖരായ മാത്യു ടി. തോമസ് എല്‍.ഡി.എഫിലും വര്‍ഗീസ് മാമ്മന്‍ യു.ഡി.എഫിനും വേണ്ടി മത്സരിച്ചു. ആറന്മുളയില്‍ മുഖവുരയുടെ ആവശ്യമില്ലാതെയാണ് കുമ്മനം രാജശേഖരന്‍ ജനങ്ങളെ സമീപിച്ചത്.
വിമാനത്താവള വിരുദ്ധ സമരനായകന്‍ എന്ന പരിവേഷമുണ്ടായിരുന്നു അദ്ദേഹത്തിന്. അതേസമയം വിമാനത്താവളം ഇല്ലാതാക്കിയതിലൂടെ വികസനത്തിനു തടസമായ ആള്‍ എന്ന പ്രചാരണവും സജീവമായിരുന്നു. ബി.ജെ.പിക്കു കാര്യമായ വോട്ടുകളുള്ള മണ്ഡലത്തില്‍ ഇത് പ്രധാന ഘടകമായില്ലെങ്കിലും ഇക്കാരണത്താല്‍ ഇതര വിഭാഗങ്ങളില്‍നിന്നു കൂടുതല്‍ വോട്ടുകള്‍ ലഭിച്ചില്ലെന്ന വിലയിരുത്തലുമുണ്ട്. 2016 ല്‍ ഇവിടെ മത്സരിച്ച എം.ടി. രമേശ് 37,906 വോട്ട് നേടിയിരുന്നു. എന്നാല്‍ 2021 ല്‍ ബിജു മാത്യു മത്സരിച്ചപ്പോള്‍ 29,099 ആയി ഇതു ചുരുങ്ങി.
ഇത്തവണ ട്വന്റി-20 മത്സരിച്ച റാന്നിയില്‍ ബി.ഡി.ജെ.എസ് സ്‌ഥാനാര്‍ഥി കെ. പത്മകുമാറിന് 2016ല്‍ 28,201 വോട്ടും 2021 ല്‍ 19,587 വോട്ടുമാണു ലഭിച്ചത്. അന്തിമ ഫലനിര്‍ണയത്തെ ട്വന്റി-20 സ്‌ഥാനാര്‍ഥി നേടുന്ന വോട്ടുകള്‍ സ്വാധീനിക്കാം. ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റായിരിക്കെ കെ. സുരേന്ദ്രന്‍ രണ്ടുതവണ മത്സരിച്ച മണ്ഡലമാണ് കോന്നി. 2019 ലെ ഉപതെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയിലുമായിരുന്നു.
2016 ല്‍ ഡി. അശോക് കുമാര്‍ ഇവിടെ നേടിയ 16,713 വോട്ടുകള്‍ 2019 ഉപതെരഞ്ഞടുപ്പില്‍ സുരേന്ദ്രന്‍ 39786 ആയി വര്‍ധിപ്പിച്ചു. 2021 ല്‍ 32811 വോട്ടുകളാണു സുരേന്ദ്രന്‍ കോന്നിയില്‍ നേടിയത്.
അന്ന് രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ചതാണ് വോട്ടു കുറയാന്‍ ഇടയാക്കിയതെന്ന് പ്രചാരണമുണ്ടായിരുന്നു. അടൂരില്‍ കഴിഞ്ഞതവണയും പന്തളം പ്രതാപനായിരുന്നു സ്‌ഥാനാര്‍ഥി. അന്ന് 23980 വോട്ടുകള്‍ അദ്ദേഹം നേടി. എന്തായാലും ബി.ജെ.പി, എന്‍.ഡി.എ വോട്ടുകളെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഇത്തവണ ജില്ലയില്‍ സജീവമാണ്.
ടി.കെ. സുധീഷ് കുമാര്‍






