തിരുവനന്തപുരം: കത്തുന്ന വേനലില്‍ കേരളം ചുട്ടുപൊള്ളുന്നു. താപനില റെക്കോഡുകള്‍ ഭേദിച്ച് കുതിക്കുമ്പോള്‍ വരും ദിവസങ്ങളിലും ചൂട് കടുക്കുമെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് പ്രവചനം. കൊല്ലത്ത് 38 ഡിഗ്രിയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം തുടങ്ങി ഒന്‍പത് ജില്ലകളില്‍ 37 ഡിഗ്രി വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.
സാധാരണയേക്കാള്‍ മൂന്ന് ഡിഗ്രി വരെ ചൂട് കൂടുന്ന സാഹചര്യത്തില്‍ മലയോര മേഖലകളൊഴികെ എല്ലായിടത്തും അസ്വസ്‌ഥതയുണ്ടാക്കുന്ന കാലാവസ്‌ഥയായിരിക്കും അനുഭവപ്പെടുക. ചൂടിനൊപ്പം അള്‍ട്രാവയലറ്റ് (യുവി) വികിരണത്തിന്റെ സൂചിക ഉയരുന്നത് സംസ്‌ഥാനത്തെ പുതിയൊരു പ്രതിസന്ധിയിലേക്കു നയിക്കുകയാണ്. പത്തനംതിട്ടയിലെ കോന്നി, ഇടുക്കിയിലെ മൂന്നാര്‍, പാലക്കാട്ടെ തൃത്താല, മലപ്പുറത്തെ പൊന്നാനി എന്നിവിടങ്ങളില്‍ ഉയര്‍ന്ന വികിരണം രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഏഴ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടുമുണ്ട്. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് വെയില്‍ നേരിട്ട് ഏല്‍ക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.






