
മണിച്ചിത്രത്താഴ് എന്ന സിനിമയെക്കുറിച്ചോര്ക്കുമ്പോള് മനസ്സിലേക്ക് ആദ്യമെത്തുന്ന മുഖങ്ങളില്‍ ഒന്നാണ് അല്ലിയുടേത്. സിനിമയിലുടനീളം നിറഞ്ഞു നില്‍ക്കുന്നില്ലെങ്കിലും ആദ്യാവസാനം പറഞ്ഞു പോകുന്ന മര്‍മ്മപ്രധാനമായ ഒരു കഥാപാത്രമായിരുന്നു അല്ലി. മോഡലിംഗിലൂടെ സിനിമ രംഗത്ത് എത്തി തമിഴ്,മലയാളം ഭാഷകളില്‍ തിളങ്ങി നിന്നിരുന്ന അശ്വിനി നമ്പ്യാരാണ് അല്ലിയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.
ധ്രുവം എന്ന ചിത്രത്തിൽ ജയറാമിന്റെ കാമുകി അടക്കം ആയുഷ്കാലം, ബട്ടർഫ്ലെെസ്, കൗരവര്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അശ്വിനി ചെയ്ത കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. തെന്നിന്ത്യൻ ചലച്ചിത്രങ്ങളിലും ടിവിയിലും നിറഞ്ഞുനിന്ന അശ്വിനി വിവാഹത്തിനുശേഷവും അഭിനയം തുടരുന്നുണ്ട്. എങ്കിലും അശ്വിനിയെ മലയാള സിനിമാപ്രേക്ഷകര്‍ എന്നും ഓര്‍ത്തുവയ്ക്കുന്നത് മണിച്ചിത്രത്താഴിലെ അല്ലിയിലൂടെയാണ്.
ഇപ്പോഴിതാ തന്റെയുള്ളില്‍ ഇന്നും അല്ലി നിറഞ്ഞു നില്‍ക്കുകയാണെന്ന് കുറിക്കുകയാണ് അശ്വിനി നമ്പ്യാര്‍. അല്ലിയുടെ ഡിജിറ്റൽ ചിത്രം പങ്കിട്ടാണ് അശ്വിനി കുറിപ്പ് പങ്കിട്ടിരിക്കുന്നത്.
‘‘അല്ലി...അവൾ എന്നെ ഒരിക്കലും വിട്ടുപോയിട്ടില്ല... മണിച്ചിത്രത്താഴില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ ഡിജിറ്റൽ വിനോദത്തിലൂടെ അവൾ വീണ്ടും ജീവസുറ്റതായി കണ്ടപ്പോള്‍... അത് ആഴത്തിലുള്ള എന്തോ ഒന്ന്, വേട്ടയാടുന്ന പരിചിതമായ ഒന്ന് എന്നിവയാണ് ഉണർത്തിയത്...
ശ്രീകാന്ത്, ഇത് കലയേക്കാൾ കൂടുതലാണ്... നീ വെറുമൊരു പ്രതിച്ഛായ പുനഃസൃഷ്ടിച്ചില്ല... നീ ഒരു ആത്മാവിനെ, ഒരു നിശബ്ദതയെ, എന്റെ ഉള്ളിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന ഒരു കൊടുങ്കാറ്റിനെ പുനരുജ്ജീവിപ്പിച്ചു...
ഞാൻ അവളെ വീണ്ടും അനുഭവിക്കുന്നു...ഞാൻ നിങ്ങളോട് നന്ദി പറയണോ അതോ വിറയ്ക്കണോ എന്ന് എനിക്കറിയില്ല... ’’ എന്നാണ് അശ്വിനി കുറിച്ചിരിക്കുന്നത്.






