
ബോളിവുഡിലെ സ്റ്റൈലിഷ് താരവും ആരാധകരുടെ പ്രിയങ്കരനുമായ താര സുന്ദരനാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര. സ്റ്റുഡന്റ്സ് ഓഫ് ദ ഇയർ എന്ന സിനിമയിലൂടെ തുടക്കം കുറിച്ച സിദ്ധാർത്ഥ് വളരെ പെട്ടെന്ന് ജനപ്രീതി നേടി. സിനിമാപാരമ്പര്യമില്ലാഞ്ഞിട്ടു കൂടി വളരെ പെട്ടെന്ന് താരം ബോളിവുഡില്‍ തന്റേതായ ഇടം നേടിയെടുത്തു. കരിയറില്‍ തിളങ്ങി നില്‍ക്കുന്നതിനിടെയാണ് താരം കിയാര അദ്വാനിയെ പ്രണയിക്കുന്നതും വിവാഹം ചെയ്തതും.
ബോളിവുഡിന്റെ ക്യൂട്ട് പവര്‍ കപ്പിള്‍സായി മാറിയ സിദ്ധാര്‍ത്ഥും കിയാരയും ഇക്കഴിഞ്ഞ വര്‍ഷം ഒരു പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളുമായി. പെണ്‍കുഞ്ഞിന്റെ അച്ഛനായ ശേഷം പൊതുവേദിയിലെത്തുമ്പോഴൊക്കെ താരം മകളെക്കുറിച്ച് വാചാലനാകാറുണ്ട്. പുതുതായി അച്ഛനായ സിദ്ധാര്‍ത്ഥ് തന്റെ റോള്‍ ആസ്വദിക്കുകയാണ്.
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം താന്‍ ഫാദര്‍ഹുഡ് ആസ്വദിക്കുകയാണെന്ന് പറയാതെ പറയുന്ന ഒരു ചിത്രം പങ്കിടുകയാണ് സിദ്ധാര്‍ത്ഥ്. ചിത്രത്തില്‍ ഒരു ലളിതമായ വെളുത്ത ടീ-ഷർട്ട് ധരിച്ച് ക്യാമറയെ നോക്കി പുഞ്ചിരിക്കുന്ന സിദ്ധാര്‍ത്ഥിനെ കാണാം. ചിത്രത്തിലെ ഏറ്റവും വലിയ ആകര്‍ഷണം മുടിയില്‍ കുത്തിയിരിക്കുന്ന വെളുത്ത ഹെയര്‍ ക്ലിപ്പാണ്. പിതൃത്വത്തോടുള്ള ക്യൂട്ടായ ഒരു ആദരവാണ് ഈ ചിത്രം. ‘‘പെൺകുട്ടിയുടെ അച്ഛനാണെന്ന് പറയാതെ പറയുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ക്യൂട്ട് ചിത്രം താരം പങ്കിട്ടിരിക്കുന്നത്. ചിത്രത്തിനു താഴെ നിരവധി സഹപ്രവര്‍ത്തകരും ആരാധകരും ക്യൂട്ട് കമന്റുകളും നല്‍കുന്നുണ്ട്. ഫറാ ഖാന്‍, സഞ്ജയ് കപൂര്‍ എന്നിങ്ങനെയുള്ള താരങ്ങള്‍ ക്യൂട്ടെന്നും ഹാര്‍ട്ട് ഇമോജിയുമാണ് കമന്റുകളില്‍ കുറിക്കുന്നത്.
മുംബൈയിൽ നടന്ന വീ ദി വിമൻ ഫെസ്റ്റിവലിൽ ബർഖ ദത്തുമായുള്ള സംഭാഷണത്തിനിടെ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര തന്റെ ഫാദര്‍ഹുഡ് ജേര്‍ണിയെക്കുറിച്ച് സംസാരിച്ചിരുന്നു. മകൾക്ക് രാവിലെ മസാജ് ചെയ്യുന്നത് തന്റെ ദിനചര്യയുടെ ഭാഗമായി മാറിയെന്ന് താരം പങ്കുവെച്ചു. “അതാണ് ഞങ്ങളുടെ പതിവ്, അവളുടെ സ്ട്രെച്ചിംഗ് കണ്ട് ഉണരുക. ഞാൻ ഒരു പെൺകുട്ടിയുടെ അച്ഛനായതിനുശേഷം ജീവിതം തീർച്ചയായും മെച്ചപ്പെട്ടതായി മാറിയിരിക്കുന്നു. അവൾ ഇപ്പോൾ അവളുടെ ഏറ്റവും മികച്ച ഘട്ടത്തിലാണ്. സംസാരിക്കാൻ കഴിയാത്ത ഒരാളോട് ഇത്രയധികം വാദങ്ങൾ ഒരിക്കലും എനിക്ക് നഷ്ടപ്പെട്ടിട്ടില്ല. ഞാൻ ഇനി വീട്ടിലെ നായകനല്ലെന്ന് ഞാൻ മനസ്സിലാക്കി; അവളാണ് സൂപ്പർസ്റ്റാർ...’’ എന്നാണ് താരം പറഞ്ഞത്.
കഴിഞ്ഞ വർഷം ജൂലൈയിൽ തങ്ങളുടെ പെൺകുഞ്ഞായ സാരായയെ സ്വീകരിച്ച സിദ്ധാർത്ഥും കിയാരയും മകളുടെ മുഖം ഇതുവരെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടില്ല. കുഞ്ഞ് ജനിച്ച സന്തോഷം പങ്കിട്ട്, ‘‘ഞങ്ങളുടെ ഹൃദയങ്ങൾ നിറഞ്ഞിരിക്കുന്നു, ഞങ്ങളുടെ ലോകം എന്നെന്നേക്കുമായി മാറി. ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു....കിയാര സിദ്ധാർത്ഥ്...’’ എന്നാണ് താരദമ്പതിമാര്‍ കുറിച്ചത്.
പിന്നീട്, അവർ സാരായ മൽഹോത്ര എന്നാണ് കുഞ്ഞിന്റെ പേരെന്ന് വെളിപ്പെടുത്തി, മകളുടെ കുഞ്ഞു കാലുകളുടെ ചിത്രവും പങ്കിട്ടു. ‘‘ഞങ്ങളുടെ പ്രാർത്ഥനകളിൽ നിന്ന്, ഞങ്ങളുടെ കൈകളിലേക്ക്...
ഞങ്ങളുടെ ദിവ്യാനുഗ്രഹം, ഞങ്ങളുടെ രാജകുമാരി, സാരായ മൽഹോത്ര...’’ എന്നാണവര്‍ കുറിച്ചത്.






