
മുംബൈ: രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള 57 റണ്‍സ് വിജയത്തിന് പിന്നാലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കൂടുതല്‍ ആവേശം പകരുന്ന വാര്‍ത്തയും എത്തുന്നു. പരിക്കില്‍ നിന്ന് മോചിതനായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഉടന്‍ ടീമിനൊപ്പം ചേരും. വ്യാഴാഴ്ച ക്രിക്കറ്റ് ഓസ്ട്രേലിയ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, നട്ടെല്ലിനേറ്റ പരിക്കിനെത്തുടര്‍ന്ന് നടത്തിയ പുതിയ സ്‌കാനിംഗ് റിപ്പോര്‍ട്ടുകള്‍ അനുകൂലമായതോടെ കമ്മിന്‍സിന് ഐപിഎല്ലില്‍ കളിക്കാന്‍ അനുമതി ലഭിച്ചു.
സിഡ്‌നിയില്‍ നടത്തിയ പുതിയ പരിശോധനകള്‍ക്ക് ശേഷം യാതൊരു നിയന്ത്രണങ്ങളുമില്ലാതെ കമ്മിന്‍സിന് ബൗളിംഗ് പുനരാരംഭിക്കാമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ഓഗസ്റ്റിന് ശേഷം കമ്മിന്‍സിനെ അലട്ടിയിരുന്ന നട്ടെല്ലിലെ 'ബാക്ക് സ്‌ട്രെസ്' പ്രശ്‌നം പൂര്‍ണ്ണമായും മാറിയെന്ന് ബുധനാഴ്ചത്തെ സ്‌കാനിംഗ് റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു.
ഓസ്ട്രേലിയന്‍ പേസ് കുന്തമുനയായ കമ്മിന്‍സ് വെള്ളിയാഴ്ച ഇന്ത്യയിലേക്ക് തിരിക്കും. സണ്‍റൈസേഴ്‌സിലെ തന്റെ സഹതാരം ട്രാവിസ് ഹെഡിനൊപ്പം അദ്ദേഹം ചേരും. വരും ദിവസങ്ങളില്‍ ടീമിനൊപ്പം ചേരുമെങ്കിലും കമ്മിന്‍സ് ഉടന്‍ മത്സരത്തിനിറങ്ങില്ല. ഏപ്രില്‍ 25-ന് ജയ്പൂരില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തിലായിരിക്കും കമ്മിന്‍സ് കളത്തിലിറങ്ങുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും ഡല്‍ഹി ക്യാപിറ്റല്‍സിനുമെതിരെയുള്ള സണ്‍റൈസേഴ്‌സിന്റെ വരാനിരിക്കുന്ന മത്സരങ്ങളില്‍ കമ്മിന്‍സ് കളിക്കില്ല. പരിക്കില്‍ നിന്നുള്ള മടങ്ങിവരവ് എന്ന നിലയില്‍ അതീവ ജാഗ്രതയോടെയാണ് കമ്മിന്‍സ് ഈ തീരുമാനമെടുത്തത്. നിലവില്‍ കമ്മിന്‍സിന്റെ അഭാവത്തില്‍ ടീമിനെ നയിക്കുന്നത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാണ്. കമ്മിന്‍സ് തിരിച്ചെത്തുന്നതോടെ നായകസ്ഥാനം അദ്ദേഹം ഏറ്റെടുക്കും. നിലവില്‍ 2 വിജയങ്ങളുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഹൈദരാബാദ്.
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം 21 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാനിരിക്കുന്നതിനാല്‍, വളരെ കൃത്യമായ പ്ലാനിംഗോടെയാണ് കമ്മിന്‍സ് തന്റെ ഐപിഎല്‍ ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്. ഓസ്ട്രേലിയന്‍ അസിസ്റ്റന്റ് കോച്ചും എസ്ആര്‍എച്ച് ഹെഡ് കോച്ചുമായ ഡാന്‍ വെട്ടോറി 32-കാരനായ കമ്മിന്‍സിന്റെ കായികക്ഷമതയെ അഭിനന്ദിച്ചിരുന്നു. ദീര്‍ഘകാലം കളത്തിന് പുറത്തായിരുന്നിട്ടും കമ്മിന്‍സ് തന്റെ കരുത്ത് നിലനിര്‍ത്തുന്നതില്‍ കാണിച്ച ശ്രദ്ധ അസാധാരണമാണെന്ന് വെട്ടോറി പറഞ്ഞു. മാര്‍ച്ച് 27-നാണ് കമ്മിന്‍സ് ആദ്യം ഇന്ത്യയിലെത്തിയത്. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള രണ്ടാം മത്സരത്തിന് ശേഷം ഏപ്രില്‍ 2-ന് അദ്ദേഹം ഓസ്ട്രേലിയയിലേക്ക് മടങ്ങുകയായിരുന്നു.





