
ആലപ്പുഴ: മകളുടെ വിവാഹക്ഷണത്തിനായി ഭർത്താവിനൊപ്പം പോകുന്നതിനിടെ വാഹനാപകടത്തിൽപ്പെട്ട വീട്ടമ്മ മരിച്ചു. വെട്ടിയാർ പള്ളിമുക്ക് തുളസീദളം വീട്ടിൽ തുളസി എസ്. നായർ (55) ആണ് മരിച്ചത്. കഴിഞ്ഞ മാസം 27-നുണ്ടായ അപകടത്തിൽ തുളസിയുടെ ഭർത്താവ് ശശി കെ. നായർ (64) സംഭവദിവസം തന്നെ മരിച്ചിരുന്നു.
മാങ്കാംകുഴി പാറക്കുളങ്ങരയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ തുളസി എറണാകുളം അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മെയ് പത്തിന് നിശ്ചയിച്ചിരുന്ന മകളുടെ വിവാഹത്തിനായി ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കാൻ പോകുന്നതിനിടെയായിരുന്നു ദമ്പതികളുടെ അന്ത്യം.






