
സാവിൻ സാ സംവിധാനം ചെയ്ത് വിപിൻദാസ് തിരക്കഥ ഒരുക്കിയ വാഴ 2 വെറും ഏഴ് ദിവസം കൊണ്ട് 100 കോടി രൂപ കളക്ഷൻ നേടി ജൈത്രയാത്ര തുടരുകയാണ്. സൈലന്റായി വന്ന് മൗത്ത് പബ്ലിസിറ്റിയിലൂടെ ഹിറ്റടിച്ച ഈ ചിത്രം സോഷ്യൽമീഡിയ താരങ്ങളെ പ്രധാനവേഷത്തിലവതരിപ്പിച്ച് ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടി എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ഹ്യൂമറിൽ തുടങ്ങി ഇമോഷണൽ ഡ്രാമയിലൂടെ കടന്ന് ശുഭപര്യവസായിയായി മാറുന്ന ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് മുന്നേറുന്നത്.
സോഷ്യല്‍ മീഡിയ താരങ്ങളായ ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ ബിജുക്കുട്ടൻ, സുധീഷ് തുടങ്ങിയ മികച്ച താരങ്ങളും അണിനിരന്നിരുന്നു. സൗഹൃദത്തിനൊപ്പം തന്നെ സഹോദരബന്ധത്തിന്റെ തീവ്രതയും കുടുംബബന്ധങ്ങളുടെ ആഴവും സംസാരിച്ച ഈ സിനിമ പുതുതലമുറയ്ക്ക് ഒരു വലിയ സന്ദേശം കൂടി നല്‍കുന്നുണ്ട്.
ഈ ചിത്രത്തില്‍ അലന്റെ സഹോദരിയായി എത്തിയത് വേദ ശങ്കർ എന്ന ബാലതാരമായിരുന്നു. ആഷ്ന എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ വേദ എത്തിയത്. സിനിമയിലുടനീളം പരസ്പരം അടി കൂടുന്ന സഹോദരങ്ങളാണ് അലനും ആഷ്നയും. അലനും ആഷ്നയും ഒരുമിച്ച് നിന്ന് പല്ലുതേക്കുന്ന ഒരു സീന്‍ സിനിമയിലുണ്ട്. പരസ്പരം കുറുമ്പ് കാട്ടുന്നതിനിടെ വേദയുടെ കഥാപാത്രം അലന്റെ മുഖത്തേക്ക് പേസ്റ്റ് തുപ്പുന്നതാണ് സീന്‍. ആ രംഗം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ചിത്രത്തിലെ ആ സീനിനെക്കുറിച്ച് വേദ ശങ്കർ പറഞ്ഞ വാക്കുകള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍. ആ രംഗം സ്ക്രിപ്റ്റില്‍ ഉണ്ടായിരുന്നില്ലെന്നും, അലൻ പറഞ്ഞത് കൊണ്ടാണ് അത് ചെയ്തതെന്നുമാണ് വേദ പറയുന്നത്.
‘‘ആദ്യം സെറ്റിലേക്ക് വന്നപ്പോള്‍ ഞാന്‍ കമ്പനിയായത് കുറച്ച് ചേച്ചിമാരുടെ അടുത്താണ്. പിന്നീട് ഞാനും അലന് ചേട്ടനും കൂടെ സംസാരിച്ചു. അപ്പോള്‍ ഒരു സിസ്റ്റര്‍ ബ്രദര്‍ ബോണ്ടൊക്കെ വന്നു തുടങ്ങി. നാല് പേരില്‍ ആദ്യം കമ്പിനിയായത് അലന് ചേട്ടനുമായണ്. സിനിമയില്‍ ബ്രഷ് ചെയ്തിട്ട് മുഖത്തേക്ക് തുപ്പുന്ന ഒരു രംഗമുണ്ട്. അത് ശരിക്കും ഞാന്‍ തുപ്പിയത് തന്നെയാണ്. ഞാന്‍ അലന് ചേട്ടനോട് പറഞ്ഞിരുന്നു, ഇത് ചെയ്യണോ എന്ന്. അപ്പോള്‍ പുള്ളി പറഞ്ഞു അതിനെന്താ നമുക്ക് ചെയ്യാം ഇതൊക്കെ ഫണ്ണല്ലേ എന്ന്. തുപ്പിയ സമയത്ത് കണ്ണ് എരിഞ്ഞ് അലന് ചേട്ടന് അവിടെ നിന്ന് ഓടി. പക്ഷേ അത് നല്ല സീനായിരുന്നു.
അനിയത്തിയും ചേട്ടനും തമ്മിലുള്ള ആ അടിയൊക്കെ മനോഹരമായി ക്യാപ്ചർ ചെയ്യാന്‍ കഴിഞ്ഞു. അത് സ്ക്രിപ്റ്റില്‍ ഉണ്ടായിരുന്നത് അല്ല, അലന് ചേട്ടന് പറഞ്ഞിട്ട് ചെയ്തതാണ്. അത് ഷൂട്ട് ചെയ്യന്നതിന്റെയിടക്ക് അവിടെ ബ്രഷും പേയ്സ്റ്റുമുണ്ടായിരുന്നു. അപ്പോള്‍ അലന് ചേട്ടനാണ് ഇങ്ങനെ ചെയ്തു നോക്കിയാലോ എന്ന് പറഞ്ഞത്....’’ വേദ ശങ്കർ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു വേദ ഇക്കാര്യം പറഞ്ഞത്.






