
ഗൗതം കാര്‍ത്തിക് നായകനായി 2017ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ' മുത്തുരാമലിങ്കം'. രാജദുരൈ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രിയ ആനന്ദ്, നെപ്പോളിയന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ഇപ്പോഴിതാ ഈ സിനിമ തന്റെ ഭാഗത്തു നിന്ന് സംഭവിച്ച ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന് പറയുകയാണ് ഗൗതം കാര്‍ത്തിക്. തന്റെ ജീവിതത്തിലെയും കരിയറിലെയും ഏറ്റവും വലിയ പരാജയമായിരുന്നു അതെന്നും ഗൗതം വെളിപ്പെടുത്തി. മുത്തുരാമലിങ്കം എന്ന ടൈറ്റില്‍ കഥാപാത്രമായി തന്നെയാണ് ഗൗതം ചിത്രത്തിലെത്തിയത്.
ഈ സിനിമയ്ക്ക് ശേഷം മാസ് സിനിമകള്‍ ചെയ്യാന്‍ തനിക്ക് പേടിയായി എന്നും ഗൗതം പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗൗതം.
"മുത്തുരാമലിങ്കം ഒരു കുറ്റബോധത്തോടെ മാത്രം ഞാനോർക്കുന്ന ഒരു പഴയ കഥയാണ്. എന്റെ ഭാഗത്തു നിന്ന് സംഭവിച്ച ഏറ്റവും വലിയ തെറ്റായിരുന്നു ആ സിനിമ. അറിവില്ലായ്മയുടെയും മനസിലാക്കാൻ കഴിയാത്തതിന്റെയുമൊക്കെ പ്രശ്നമുണ്ട് അതിൽ. എന്റെ ജീവിതത്തിലെ, എന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായിരുന്നു അത്. അതോടെ അത്തരം മാസ് ഴോണർ തന്നെ ഞാൻ ഒഴിവാക്കി. വിവിധ ഴോണറുകളിലുള്ള സിനിമകൾ ചെയ്യാമെന്ന് പിന്നീട് ഞാൻ തീരുമാനിച്ചു. ഇതുപോലെ എന്റെ ജീവിതത്തിൽ തെറ്റായ ഒരുപാട് തീരുമാനങ്ങൾ ഞാനെടുത്തിട്ടുണ്ട്.
പക്ഷേ ഞാൻ അവയിൽ നിന്ന് പഠിക്കുകയും എന്റെ യാത്രയെ കൂടുതൽ രൂപപ്പെടുത്തുകയും ചെയ്യുന്നു. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ഞാൻ ശ്രമിക്കുന്നു. ഒരു പോയിന്റിൽ ഞാൻ മനസിലാക്കിയ കാര്യമെന്താണെന്നു വച്ചാൽ, ഇതുപോലെയുള്ള മാസ് സിനിമകളൊക്കെ ഒരിക്കൽ കൂടി ശ്രമിച്ചു നോക്കാവുന്നതാണെന്നാണ്.
പക്ഷേ അത് നന്നായി കൈകാര്യം ചെയ്യാൻ പറ്റുന്ന ഒരു സംവിധായകനൊപ്പം മാത്രമേ ചെയ്യാവൂ. അങ്ങനെയാണ് മുത്തയ്യ സാറിനൊപ്പം ഞാൻ ദേവരാട്ടം ചെയ്യുന്നത്. ആ സിനിമ എന്നെക്കുറിച്ചു കൂടി പ്രേക്ഷകരിലേക്ക് എത്താൻ സഹായിച്ചു. നല്ല പ്രേക്ഷക സ്വീകാര്യതയും ആ സിനിമയ്ക്ക് കിട്ടിയിരുന്നു. പക്ഷേ എനിക്ക് ഇപ്പോഴും മാസ് റോളുകൾ ചെയ്യാൻ പേടിയാണ്.
ഒരു മാസ് മസാല പടം ചെയ്യാൻ കഴിയുന്ന ഒരാളായല്ല, മറിച്ച് ഒരു നടനായിട്ടാണ് ഞാൻ എന്നെ കരുതുന്നത്. അടിക്കുമ്പോൾ എതിരാളി പറന്നു പോകുന്ന ടൈപ്പിലുള്ള റോളുകളൊന്നും എനിക്ക് കണക്ട് ആകില്ല. എപ്പോഴെങ്കിലും അത്തരം സിനിമകൾ ചെയ്യണമെന്നുണ്ട്. പക്ഷേ എനിക്കത് സ്ഥിരമായി ചെയ്യാൻ കഴിയുമോ എന്ന് സംശയമുണ്ട്.
റിയലിസ്റ്റിക് സിനിമകളോ അല്ലെങ്കിൽ പൂർണമായും ഫാന്റസി ആയുള്ള സിനിമകളോ ചെയ്യാനാണ് എനിക്ക് താല്പര്യം. അത്തരം സിനിമകളിലാണ് ഞാൻ കംഫർട്ടബിൾ ആകുക". -ഗൗതം കാർത്തിക് പറഞ്ഞു.






