
മലയാളികളുടെ മനസ്സിലേക്ക് ചോക്ലേറ്റ് ഹീറോയായി രംഗപ്രവേശം ചെയ്ത് വര്‍ഷങ്ങള്‍ക്കിപ്പുറം വില്ലന്‍, ക്യാരക്ടര്‍ റോളുകളിലേക്ക് അനായാസം പരകായപ്രവേശം നടത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ഇന്നും ചോക്ലേറ്റ് ഹീറോയെന്ന വിശേഷണം ചാക്കോച്ചന് നന്നായി ഇണങ്ങുമെന്നാണ് പല ആരാധകരും പറയുന്നത്. അനിയത്തിപ്രാവിനു ശേഷം ഒരുപാട് പെണ്‍കുട്ടികളുടെ ഹൃദയമിടിപ്പായിരുന്ന ചാക്കോച്ചന്റെ ഹൃദയം കീഴടക്കിയത് പ്രിയയായിരുന്നു. ആരും അറിയാതെയുള്ള ഇവരുടെ പ്രണയവും സര്‍പ്രൈസായി നടന്ന വിവാഹവുമൊക്കെ അക്കാലത്ത് ഒരുപാട് കൗമാരക്കാരുടെ ഹൃദയം തകര്‍ത്തതാണ്.
കല്യാണം കഴിഞ്ഞ് പതിനാല് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഒടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കണ്മണി ജനിച്ചത്. ആ മകനാണ് ഇസഹാക്ക്. കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് വന്ന ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണ് ചാക്കോച്ചന്റെയും പ്രിയയുടെയും ലോകം. ഇസയുടെ ഒരോ ചിത്രങ്ങളും വിശേഷങ്ങളും ഏറെ സന്തോഷത്തോടെ കുഞ്ചാക്കോ ബോബന്‍ പങ്കിടാറുണ്ട്. ഇന്ന് ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോയുടെ ഏഴാം ജന്മദിനമാണ്.
ഇപ്പോഴിതാ ഇസുക്കുട്ടന് ഹൃദയത്തില്‍ ചാലിച്ച ജന്മദിനാശംസകള്‍ കുറിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ഇസുവിനെ ഞങ്ങളുടെ ജീവിതത്തിലേക്ക് തന്നതിന് ദൈവത്തോട് നന്ദി പറയാത്ത ഒരു ദിവസം പോലുമില്ല എന്നാണ് ചാക്കോച്ചന്‍ കുറിച്ചിരിക്കുന്നത്.
‘‘ഹാപ്പി 7ത് ബര്‍ത്ത്ഡേ ലിറ്റില്‍ ചാമ്പ്. ഈ ലോകം നിന്റെയുള്ളിലുള്ള ഏറ്റവും മികച്ചത് എല്ലാ വിധത്തിലും പുറത്തുകൊണ്ടുവരട്ടെ എന്ന് പ്രാർത്ഥിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നു... ഞങ്ങളുടെ ജീവിതത്തിലേക്ക് നിന്നെ കൊണ്ടുവന്നതിന്, നിന്നെ ഞങ്ങള്‍ക്ക് തന്നതിന് ദൈവത്തിന് നന്ദി പറയാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല...ഞങ്ങളുടെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കിയതിന്...ഞങ്ങളുടെ ജീവിതത്തെ സ്വർഗ്ഗീയമാക്കിയതിന്...ഹഗ്സ് ആന്‍ഡ് കിസസ് ഇസു ബോയ്...’’ എന്നാണ് ചാക്കോച്ചന്‍ കുറിച്ചിരിക്കുന്നത്. കുഞ്ഞിലെ ഇസുവിനെ കൈകളില്‍ എടുത്ത ചിത്രവും ഇപ്പോള്‍ ഇസുവിനെ എടുത്തു കൊണ്ട് നില്‍ക്കുന്ന ചിത്രവും ചാക്കോച്ചന്‍ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ചാക്കോച്ചന്റെ പ്രിയ സുഹൃത്തുക്കളും സഹതാരങ്ങളും ആരാധകരുമെല്ലാം ഇസുവിന് ആശംസകളും പ്രാര്‍ത്ഥനകളും കമന്റുകളിലൂടെ കുറിക്കുന്നുണ്ട്.
ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞിനെ പോലെ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ ജീവിതത്തിലേക്ക് വന്ന കണ്മണിക്ക് ഇസഹാക്ക് എന്ന് പേരുനൽകുകയായിരുന്നു ചാക്കോച്ചനും പ്രിയയും.






