
പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാറിന്റേയും പഴയകാല അഭിനേത്രിയുമായ മേനകയുടെയും മകളാണ് അഭിനേത്രിയായ കീര്‍ത്തി സുരേഷ്. ബാലതാരമായി ബിഗ്സ്ക്രീനിലെത്തിയ കീര്‍ത്തി പിന്നീട് നായികയായും കൈയടി നേടി. മലയാളത്തിനേക്കാളേറെ തമിഴകമാണ് കീര്‍ത്തിയെ സ്വീകരിച്ചത്. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന താരം ബോളിവുഡിലും അടുത്തിടെ നായികയായി അരങ്ങേറ്റം കുറിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരമാണ് കീര്‍ത്തി.
ഇപ്പോഴിതാ വിഷു ആശംസകള്‍ പങ്കിടാത്തതിന്റെ കാരണവും സോഷ്യല്‍ മീഡിയയില്‍ ചെറിയ ബ്രേക്കെടുത്തതിന്റെ കാരണവും പങ്കിടുകയാണ് കീര്‍ത്തി സുരേഷ്. കഴിഞ്ഞ ആഴ്ചകള്‍ ദുഷ്കരമായിരുന്നുവെന്നും പ്രതീക്ഷിച്ചതിലും വളരെ നന്നായി കടന്നുപോയെന്നുമാണ് കീര്‍ത്തി കുറിച്ചിരിക്കുന്നത്.
‘‘കഴിഞ്ഞ കുറച്ച് ആഴ്ചകൾ അൽപ്പം ദുഷ്‌കരമായിരുന്നു, പക്ഷേ ഞാൻ പ്രതീക്ഷിച്ചതിലും വളരെ നന്നായി കടന്നുപോയി. എന്നെ മിസ് ചെയ്തവർക്ക്, ഞാൻ തിരിച്ചെത്തി, പങ്കിടാൻ ധാരാളം കാര്യങ്ങൾ, വിഷു ആശംസകൾ...’’ എന്നാണ് കീര്‍ത്തി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്. കാറില്‍ നിന്നുള്ള സെല്‍ഫി പങ്കിട്ടാണ് കീര്‍ത്തിയുടെ കുറിപ്പ്.






