കേരളം സമാനതകളില്ലാത്ത ഉഷ്‌ണതരംഗത്തിന്റെ പിടിയിലാണ്. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു കുതിക്കുമ്പോള്‍, വെറുമൊരു വേനല്‍ക്കാലം എന്നതിലുപരി ഗൗരവതരമായ ഒരു കാലാവസ്‌ഥാ പ്രതിസന്ധിയാണ് നമുക്കു മുന്നിലുള്ളത്. പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ സൂര്യതാപം മുന്നറിയിപ്പായി തുടരുന്നു. ആഗോളതാപനത്തിന്റെയും എല്‍നിനോ പ്രതിഭാസത്തിന്റെയും പ്രത്യാഘാതങ്ങള്‍ നമ്മുടെ കേരളത്തിലും ദൃശ്യമാകുന്നു എന്നത് ആശങ്കാജനകമാണ്. താപനിലയോടൊപ്പം വായുവിലെ ഈര്‍പ്പത്തിന്റെ അളവ് വര്‍ധിക്കുന്നത് ശരീരത്തിന് താങ്ങാവുന്നതിലും അപ്പുറമുള്ള 'ഹീറ്റ് ഇന്‍ഡക്‌സ്' സൃഷ്‌ടിക്കുന്നു. ഇത് ജനജീവിതത്തെ ദുസ്സഹമാക്കുക മാത്രമല്ല, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമാംവിധം ഉയരുന്നത് പുതിയൊരു ഭീഷണിയാണ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലെ ചില ഭാഗങ്ങളില്‍ യു.വി. തോത് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചത് ഗൗരവത്തോടെ കാണണം. പകല്‍ 10 മണി മുതല്‍ മൂന്നു മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം ഏവരും പാലിക്കുക. സൂര്യാതപം, ചര്‍മരോഗങ്ങള്‍, കണ്ണിന് അസ്വസ്‌ഥത എന്നിവ ഒഴിവാക്കാന്‍ ആരോഗ്യവകുപ്പു നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഓരോ പൗരനും ബാധ്യസ്‌ഥനാണ്. യാത്രകളിലും ജോലിസ്‌ഥലങ്ങളിലും ധാരാളം വെള്ളം കുടിക്കാനും നിര്‍ജലീകരണം തടയാനും ശ്രദ്ധിക്കണം.
ചൂട് വര്‍ധിക്കുമ്പോള്‍ വൈദ്യുതി ഉപഭോഗം റെക്കോഡുകള്‍ ഭേദിക്കുന്നത് സംസ്‌ഥാനത്തെ ഊര്‍ജ മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എ.സികളുടെയും കൂളറുകളുടെയും അമിത ഉപയോഗം ഗ്രിഡിന് താങ്ങാവുന്നതിലും അപ്പുറമാകുന്നു. രാത്രികാലങ്ങളില്‍ അനാവശ്യമായ വൈദ്യുതി ഉപയോഗം കുറച്ചില്ലെങ്കില്‍ ലോഡ്‌ഷെഡിങ് പോലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ് തള്ളിക്കളയാനാവില്ല. പുറത്തുനിന്ന് ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നത് ഭാവിയില്‍ വലിയ സാമ്പത്തിക ബാധ്യതയ്‌ക്കും നിരക്ക് വര്‍ധനയ്‌ക്കും കാരണമാകും. അതിനാല്‍, ഊര്‍ജ ഉപഭോഗത്തില്‍ മിതത്വം പാലിക്കാന്‍ പൊതുജനങ്ങള്‍ സഹകരിക്കണം.
കാലാവസ്‌ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ വരാനിരിക്കുന്ന മഴക്കാലത്തെയും ബാധിക്കുമെന്ന സൂചനകള്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. ദക്ഷിണേഷ്യയില്‍ ഇത്തവണ കാലവര്‍ഷം കുറയാന്‍ സാധ്യതയുണ്ടെന്ന ഐ.എം.ഡിയുടെ പ്രവചനം ജലവൈദ്യുത പദ്ധതികളെ ആശ്രയിക്കുന്ന കേരളത്തിന് തിരിച്ചടിയാണ്. എല്‍നിനോ പ്രതിഭാസം മഴയെ ചതിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുമ്പോള്‍ തന്നെ, മഴലഭ്യതയിലെ നേരിയ കുറവ് പോലും കര്‍ഷകരെയും സാധാരണക്കാരെയും ഒരുപോലെ ബാധിക്കും. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന വരള്‍ച്ചയെ നേരിടാന്‍ സര്‍ക്കാര്‍ ഇപ്പോഴേ കര്‍മപദ്ധതികള്‍ തയാറാക്കേണ്ടതുണ്ട്. കുടിവെള്ള വിതരണവും ജലസംഭരണികളും ഉറപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ ജാഗ്രത കാട്ടണം. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി വേണം. ശാസ്‌ത്രീയമായ വിവരങ്ങളെ മാത്രം ആശ്രയിച്ചും ജാഗ്രത കൈവിടാതെയും ഈ ഉഷ്‌ണകാലത്തെ അതിജീവിക്കാന്‍ നാം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്.



