കേരളത്തിന്റെ മനഃസാക്ഷിയെ നടുക്കിക്കൊണ്ട് വീണ്ടും ഒരു വിദ്യാര്‍ഥിയുടെ ജീവന്‍ കൂടി ക്യാമ്പസിനുള്ളില്‍ പൊലിഞ്ഞിരിക്കുന്നു. തിരുവനന്തപുരം സ്വദേശിയും അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബി.ഡി.എസ്. വിദ്യാര്‍ഥിയുമായ നിതിന്‍ രാജിന്റെ ആത്മഹത്യ മനഃസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്നതാണ്. നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കടന്നുകൂടിയ ചില അധ്യാപകരുടെ കറുത്ത മനസിന്റെ ഭീകരതയാണ് ഇതിലൂടെ വെളിപ്പെടുന്നത്. മിടുക്കനായ ഒരു ദളിത് വിദ്യാര്‍ഥിക്ക് മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ചിട്ടും, നിറത്തിന്റെയും ജാതിയുടെയും പേരില്‍ അവനെ 'പുഴുത്ത പട്ടി' എന്ന് വിളിച്ച് ആക്ഷേപിച്ച അധ്യാപകരെ മനുഷ്യരെന്നു വിളിക്കാനാവില്ല.
പുറത്തുവന്ന ശബ്‌ദരേഖകള്‍ നല്‍കുന്ന സൂചനകള്‍ ഞെട്ടിപ്പിക്കുന്നതാണ്. സ്‌റ്റാഫ് റൂമിനെ ഒരു 'ആക്രമണ കേന്ദ്ര'മായി നിതിന്‍ വിശേഷിപ്പിക്കുമ്പോള്‍, അവിടെ നടക്കുന്നത് വിദ്യാര്‍ഥികളുടെ ആത്മാഭിമാനത്തെ പിച്ചിച്ചീന്തുന്ന ക്രിമിനല്‍ നടപടികളാണെന്ന് വ്യക്‌തം. അസുഖബാധിതയായ അമ്മയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മോശമായി സംസാരിക്കുകയും, ഇന്റേണല്‍ മാര്‍ക്ക് കുറയ്‌ക്കുന്നത് 'സര്‍ൈപ്രസ്' ആയി നല്‍കുന്ന ശിക്ഷയാണെന്ന് പറയുകയും ചെയ്യുന്ന അധ്യാപകര്‍ ആ പദവിക്ക് തന്നെ അപമാനമാണ്. ഒരു വിദ്യാര്‍ഥിയെ അവനായിരിക്കുന്ന അവസ്‌ഥയില്‍ അംഗീകരിക്കുന്നതിനു പകരം, നിറത്തിന്റെ പേരില്‍ അപഹസിക്കുന്നത് ഏത് സാംസ്‌കാരിക ബോധത്തിന്റെ അടയാളമാണ്?
പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ ദാരുണമായ അന്ത്യത്തിന് പിന്നാലെയാണ് നിതിന്‍ രാജിന്റെ വിയോഗവും ഉണ്ടാകുന്നത്. സിദ്ധാര്‍ത്ഥന്റെ അമ്മ നിതിന്‍ രാജിന്റെ വീട്ടിലെത്തി ആ അമ്മയെ ആശ്വസിപ്പിക്കുന്ന കാഴ്‌ച കേരളം കണ്ണീരോടെയാണ് കണ്ടത്‌്. അഞ്ചരക്കണ്ടിയില്‍ അധ്യാപകരുടെ പീഡനത്തിനൊപ്പം സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങും ഉണ്ടായിരുന്നെന്ന ആരോപണം ഗൗരവകരമാണ്.
ഈ സംഭവത്തില്‍ കുറ്റാരോപിതരായ അധ്യാപകര്‍ക്കെതിരേ കേവലം സസ്‌പെന്‍ഷന്‍ പോലെയുള്ള ഒത്തുതീര്‍പ്പ് നടപടികളല്ല വേണ്ടത്. ജാതി അധിക്ഷേപത്തിന് എസ്.സി/എസ്.ടി ആക്‌ട് പ്രകാരം കര്‍ശനമായ കേസ് രജിസ്‌റ്റര്‍ ചെയ്യുകയും അവരെ ജോലിയില്‍നിന്ന് സ്‌ഥിരമായി പുറത്താക്കുകയും വേണം. ലോണ്‍ ആപ്പുകളുടെ ഭീഷണിയാണ് മരണകാരണമെന്ന് വരുത്തിത്തീര്‍ക്കാനുള്ള മാനേജ്‌മെന്റിന്റെ ശ്രമം ലജ്‌ജാകരമാണ്. പരാതികള്‍ ലഭിച്ചിട്ടും നടപടിയെടുക്കാത്ത മാനേജ്‌മെന്റും ഈ കുറ്റകൃത്യത്തില്‍ പങ്കാളികളാണ്.
ഇനി ഒരു നിതിന്‍ രാജ് ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ക്യാമ്പസുകളിലെ ജാതീയ വിവേചനം ക്രിമിനല്‍ കുറ്റമായി കണ്ട് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന 'രോഹിത് വെമുല ആക്‌ട്' നടപ്പിലാക്കാന്‍ കേന്ദ്രസംസ്‌ഥാന സര്‍ക്കാരുകള്‍ തയാറാകണം. മാനേജ്‌മെന്റിനോ അധ്യാപകര്‍ക്കോ സ്വാധീനിക്കാന്‍ കഴിയാത്ത രീതിയിലുള്ള നിഷ്‌പക്ഷമായ പരാതി പരിഹാര സംവിധാനങ്ങള്‍ ഓരോ കോളജിലും ഉണ്ടാകണം. ഒപ്പം പഠന സമ്മര്‍ദവും വിവേചനവും നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് നല്‍കാന്‍ സ്‌ഥിരം സംവിധാനം വേണം. വിദ്യ പകരുക എന്നത് കേവലം സിലബസ് തീര്‍ക്കലെല്ലന്നും, വിദ്യാര്‍ഥികളുടെ അന്തസ്സ് സംരക്ഷിക്കല്‍ കൂടിയാണെന്നും അധ്യാപകര്‍ തിരിച്ചറിയണം.
നിതിന്‍ രാജ് തന്റെ സുഹൃത്തിനയച്ച സന്ദേശത്തില്‍ പറഞ്ഞതുപോലെ, 'അടിമയാകാന്‍ തയാറല്ലാത്ത' ഒരു തലമുറ ഇവിടെ വളരുന്നുണ്ട്. ആ ശബ്‌ദത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഈ പോരാട്ടത്തില്‍ നിതിന്‍ രാജിന്റെ സഹപാഠികള്‍ നടത്തുന്ന പ്രതിഷേധത്തിന് പൊതുസമൂഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം. അധികാരികളുടെ മൗനം കുറ്റവാളികള്‍ക്കുള്ള സമ്മതപത്രമായി മാറരുത്.




