ഇറാനെതിരേ ഡോണള്‍ഡ് ട്രംപ് തന്റെ ഇഷ്‌ടപ്രകാരം ഒരു യുദ്ധത്തിന് തിരികൊളുത്തുന്നതിന് മുന്‍പ്, ലോക സമ്പദ്‌വ്യവസ്‌ഥ മികച്ച വളര്‍ച്ചയുടെ പാതയിലായിരുന്നു. വ്യാപാര നയങ്ങളിലെ അസ്‌ഥിരത, വര്‍ധിച്ചുവരുന്ന പൊതുകടം, ഭൗമരാഷ്‌ട്രീയ ഭിന്നതകള്‍ തുടങ്ങിയ വെല്ലുവിളികള്‍ക്കിടയിലും ശുഭകരമായ ഒരു വര്‍ഷമായിരുന്നു മുന്നിലുണ്ടായിരുന്നത്. സൂചികകള്‍ പ്രകാരം പല രാജ്യങ്ങളിലെയും സാമ്പത്തിക വിപണികള്‍ ഉണര്‍വിലായിരുന്നു എന്ന് മാത്രമല്ല, സ്വകാര്യ മേഖലയിലെ ആത്മവിശ്വാസം തിരിച്ചുവരികയും ചെയ്‌തിരുന്നു. കൂടാതെ, താരിഫുകള്‍ക്കെതിരായ യു.എസ്. സുപ്രീം കോടതി വിധി, ആഗോള വ്യാപാരത്തിന് ഒരു ശുഭസൂചനയായിരുന്നു.
എന്നാല്‍, ഇറാന്‍ യുദ്ധം ലോക സമ്പദ്‌വ്യവസ്‌ഥയുടെ താളം തെറ്റിച്ചിരിക്കുകയാണ്. ഇത് നിശ്‌ചയമായും പണപ്പെരുപ്പം കുതിച്ചുയരാന്‍ കാരണമാകും. ഈ പണപ്പെരുപ്പത്തിന്റെ ആഘാതം എത്രകാലം നീണ്ടുനില്‍ക്കുമെന്നതും വളര്‍ച്ചയെ എത്രത്തോളം ബാധിക്കുമെന്നതും യുദ്ധം എത്ര വേഗത്തില്‍ അവസാനിക്കും എന്നതിനെ ആശ്രയിച്ചിരിക്കും. വരും ആഴ്‌ചകളില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാകാതിരിക്കുകയും യുദ്ധം പശ്‌ചിമേഷ്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്‌താല്‍ അത് ആഗോള സാമ്പത്തിക കാഴ്‌ചപ്പാടിന് ഗുരുതരമായ ഭീഷണിയാകും.
ഇവിടെ പ്രധാനമായും രണ്ട് ചോദ്യങ്ങളാണ് ഉയരുന്നത്: ഗള്‍ഫിലെ ഊര്‍ജ പശ്‌ചാത്തല സൗകര്യങ്ങള്‍ക്ക് കൂടുതല്‍ നാശനഷ്‌ടങ്ങള്‍ സംഭവിക്കാതെ യുദ്ധം വേഗത്തില്‍ അവസാനിക്കുമോ? മേഖലയില്‍ സുസ്‌ഥിരമായ സമാധാനം ഉറപ്പാക്കുന്ന രീതിയിലായിരിക്കുമോ യുദ്ധാവസാനം? സാഹചര്യം ഇപ്പോഴും അനിശ്‌ചിതത്വത്തില്‍ തുടരുന്നതിനാല്‍, പ്രധാന സമ്പദ്‌വ്യവസ്‌ഥകളുടെ യുദ്ധത്തിന് മുന്‍പുള്ള വളര്‍ച്ചാ വേഗതയെ അടിസ്‌ഥാനമാക്കി യുദ്ധം എത്രത്തോളം ആഘാതമുണ്ടാക്കുമെന്ന് നമുക്ക് പരിശോധിക്കാം.
തൊഴില്‍ വിപണിയില്‍ നേരിയ മാന്ദ്യം പ്രകടമായിരുന്നെങ്കിലും യു.എസ്. സമ്പദ്‌വ്യവസ്‌ഥ ആരോഗ്യകരമായ വളര്‍ച്ചയുടെ പാതയിലായിരുന്നു. പണപ്പെരുപ്പം ഫെഡറല്‍ റിസര്‍വിന്റെ രണ്ടു ശതമാനം എന്ന ലക്ഷ്യത്തേക്കാള്‍ അല്‍പം മുകളിലായിരുന്നെങ്കിലും നിയന്ത്രണവിധേയമായിരുന്നു. ശക്‌തമായ ഉപഭോക്‌തൃ ചെലവുകള്‍, നിര്‍മിത ബുദ്ധി (എ.ഐ.) മേഖലയിലെ നിക്ഷേപം, വര്‍ധിച്ച ഉത്‌പാദനക്ഷമത എന്നിവ ഓഹരി വിപണിക്കും സമ്പദ്‌വ്യവസ്‌ഥയ്‌ക്കും കരുത്ത് പകര്‍ന്നു. എന്നാല്‍ ഇപ്പോള്‍, യുദ്ധം മൂലം വര്‍ധിച്ചുവരുന്ന ധനക്കമ്മിയും, പൊതുകടവും, ട്രഷറി ബോണ്ട് വരുമാനം ഉയരുന്നതിന് കാരണമായിട്ടുണ്ട്. സുരക്ഷിതമായ നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ ഡോളറിലേക്ക് തിരിഞ്ഞതോടെ ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിച്ചു.
യൂറോ മേഖലയുടെ പ്രകടനം ഈ വര്‍ഷം തുടക്കത്തില്‍ അത്ര സുസ്‌ഥിരമായിരുന്നില്ല. ഫ്രാന്‍സ് ബജറ്റ് പ്രതിസന്ധികളുമായും രാഷ്‌ട്രീയ അസ്‌ഥിരതയുമായും മല്ലിടുമ്പോള്‍, ജര്‍മനി നേരിയ തിരിച്ചുവരവിന്റെ പാതയിലായിരുന്നു. നെതര്‍ലന്‍ഡ്‌സ്, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ മികച്ച വളര്‍ച്ചാ മുന്നേറ്റം പ്രകടമാക്കിയിരുന്നു. എന്നിരുന്നാലും, ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇന്ധന വിലവര്‍ധന വലിയ തിരിച്ചടിയാകും. ഇത് ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചേക്കാം.
ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്ന ജപ്പാനും സമാനമായ വെല്ലുവിളികളാണ് നേരിടുന്നത്. യെന്‍ ദുര്‍ബലമായാല്‍ പണപ്പെരുപ്പം ഇനിയും ഉയരും. യു.കെയാകട്ടെ, കുറഞ്ഞ സ്വകാര്യ നിക്ഷേപം, മന്ദഗതിയിലുള്ള ഉപഭോഗം എന്നിവയാല്‍ വലയുകയാണ്. ഇന്ധന വിലവര്‍ധന തടയാന്‍ ആവശ്യമായ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കാന്‍ ഈ രണ്ട് രാജ്യങ്ങള്‍ക്കും പരിമിതികളുണ്ട്.
ഈ വര്‍ഷം ആദ്യം ചൈനീസ് സമ്പദ്‌വ്യവസ്‌ഥ സ്‌ഥിരത കൈവരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. കയറ്റുമതിയായിരുന്നു പ്രധാന ചാലകശക്‌തിയെങ്കിലും ആഭ്യന്തര ഉപഭോഗവും വ്യവസായ ഉല്‍പാദനവും വര്‍ധിച്ചു വരികയായിരുന്നു. ചൈനയുടെ ഫോസില്‍ ഇന്ധന ശേഖരവും ഹരിത ഊര്‍ജത്തിലേക്കുള്ള മാറ്റവും ഇന്ധന വിലവര്‍ധനയുടെ ആഘാതത്തില്‍നിന്ന് അവരെ താല്‍കാലികമായി സംരക്ഷിച്ചേക്കാം. സാമ്പത്തിക ആഘാതങ്ങളെ പ്രതിരോധിക്കാന്‍ ചൈനയ്‌ക്ക് തങ്ങളുടെ നയങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുമെങ്കിലും റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെയും സാമ്പത്തിക വിപണിയിലെയും അടിസ്‌ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ല.
ഇന്ത്യയാകട്ടെ, കുറഞ്ഞ പണപ്പെരുപ്പവും അച്ചടക്കമുള്ള സാമ്പത്തിക നയങ്ങളും ഉത്‌പാദന മേഖലയിലെ ഉണര്‍വും വഴി മികച്ച വളര്‍ച്ചയിലേക്ക് കുതിക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ മുന്നേറ്റം സംശയത്തിന്റെ നിഴലിലാണ്. ഇന്ധന ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് ഇന്ത്യയിലെ ഉപഭോക്‌താക്കളെയും നിര്‍മാതാക്കളെയും ഒരുപോലെ ബാധിക്കും. രൂപയുടെ മൂല്യത്തകര്‍ച്ചയിലും ഓഹരി വിപണിയിലെ ഇടിവിലും ഈ ആശങ്ക പ്രകടമാണ്. അതേസമയം, എണ്ണവില വര്‍ധിക്കുന്നത് റഷ്യന്‍ സമ്പദ്‌വ്യവസ്‌ഥയ്‌ക്ക് ഗുണകരമാകുകയും ഇത് യുക്രെയ്‌ന്‍ യുദ്ധം നീണ്ടുപോകാന്‍ കാരണമാവുകയും ചെയ്‌തേക്കാം.
കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളെയാണ് ഈ യുദ്ധം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. വളര്‍ച്ചയുടെ പാതയിലേക്ക് കടക്കാനിരുന്ന ഈ രാജ്യങ്ങള്‍ വളം, ഇന്ധനം എന്നിവയ്‌ക്കായി വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. പാവപ്പെട്ട കുടുംബങ്ങളുടെ പകുതിയോളം ചെലവുകളും ഭക്ഷണത്തിനും ഊര്‍ജത്തിനുമായാണ് നീക്കിവയ്‌ക്കുന്നത്. കൃത്യമായ നയരൂപീകരണത്തിനുള്ള ശേഷിയില്ലാത്ത ഈ രാജ്യങ്ങളുടെ വളര്‍ച്ചാ സാധ്യതകളെ വിലവര്‍ധന തകര്‍ക്കും.
നയരൂപീകരണം നടത്തുന്നവര്‍ക്ക് ഇത് അതീവ വെല്ലുവിളി നിറഞ്ഞ സമയമാണ്. പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യവും തമ്മിലുള്ള സന്തുലിതാവസ്‌ഥ കണ്ടെത്താന്‍ സെന്‍ട്രല്‍ ബാങ്കുകള്‍ പ്രയാസപ്പെടുന്നു. പല വികസിത രാജ്യങ്ങളും ഇതിനകം തന്നെ ഉയര്‍ന്ന കടബാധ്യതയിലാണ്. പലിശ നിരക്ക് വര്‍ധിക്കുന്നത് കടം തിരിച്ചടയ്‌ക്കാനുള്ള ബാധ്യത വര്‍ധിപ്പിക്കുന്നു. സാമ്പത്തികഭൗമരാഷ്‌ട്രീയ അസ്‌ഥിരതകള്‍ സാധാരണ സംഭവമായി മാറുമ്പോള്‍, മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെയും സാമ്പത്തിക പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടതിന്റെയും പ്രാധാന്യമാണ് ഇറാന്‍ യുദ്ധം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
ഈശ്വര്‍ പ്രസാദ്/
കരോലിന്‍ സ്‌മിള്‍ട്ട്‌നെക്‌സ്





