തിരുവനന്തപുരം: വേനലവധിക്കാലത്ത് സ്‌പെഷല്‍ ക്ലാസുകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശിച്ചപ്പോള്‍ പഠനപിന്തുണ നല്‍കുന്നതിനായി 8,9 ക്ലാസിലെ തോറ്റ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് കൊടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്.
കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്‌ഥകള്‍ പ്രകാരം മാര്‍ച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതല്‍ മേയ് മാസം വരെ കുട്ടികള്‍ക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ്. ഇത് കൃത്യമായി പാലിക്കപ്പെടേണ്ടതുണ്ടെന്നും ചട്ടവിരുദ്ധമായി ക്ലാസുകള്‍ നടത്തുന്ന സ്‌ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നുമാണ് മന്ത്രി പറയുന്നത്.
എന്നാല്‍, അഞ്ച് മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ പഠനപിന്തുണാ പരിപാടി വിദ്യാലയങ്ങളില്‍ നടപ്പിലാക്കണമെന്നാണ് വകുപ്പ് പറയുന്നത്. ചുട്ടുപൊള്ളുന്ന വേനല്‍ചൂട് കണക്കിലെടുത്ത് തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ സര്‍ക്കാര്‍ പുതുക്കിയ തൊഴില്‍സമയക്രമം നിശ്‌ചയിച്ചിരിക്കെയാണിത്.
സംസ്‌ഥാനത്തെ സര്‍ക്കാര്‍, എയ്‌ഡഡ് സ്‌കൂളുകള്‍ക്ക് പുറമെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങി എല്ലാ സ്ര്‌ടീമുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളും അവധിക്കാല ക്ലാസ് ഒഴിവാക്കണമെന്നാണ് നിര്‍ദേശം.
എന്നാല്‍, മറ്റു പല പേരിലും സ്‌കൂളുകളിലും സാംസ്‌കാരിക സംഘടനകളിലും വിദ്യാര്‍ഥികളെ വിളിച്ചുവരുത്തി ക്ലാസ് നടത്തുന്നുണ്ട്..
രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12.30 വരെ പഠനപിന്തുണ ക്ലാസ് നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം.
അഞ്ചു മുതല്‍ എട്ടു വരെയുള്ള കുട്ടികള്‍ പുനഃപരിശോധനയിലും പരാജയപ്പെട്ടാലും അവരെ അടുത്ത ക്ലാസിലേക്ക് പ്രവേശിപ്പിക്കണമെന്നാണ് നിര്‍ദേശം. ഇവര്‍ക്ക് രണ്ടു ആഴ്‌ചത്തെ ബ്രിഡ്‌ജിങ് നല്‍കണമെന്നും വകുപ്പ് നിര്‍ദേശിക്കുന്നു. അതേസമയം ഒന്‍പതാം ക്ലാസുകാര്‍ക്ക് കെ.ഇ.ആര്‍ നിയമം ബാധകമാണ്.
ജി. അരുണ്‍






