തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത ചൂട് തുടരുമെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊടുംചൂടിന്റെ പശ്‌ചാത്തലത്തില്‍ 12 ജില്ലകളില്‍ മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നുമുതല്‍ 19 വരെ പാലക്കാട്, കൊല്ലം, കോട്ടയം ജില്ലകളില്‍ താപനില യഥാക്രമം 40, 39, 38 ഡിഗ്രിവരെ ഉയര്‍ന്നേക്കാം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ സാധാരണയെക്കാള്‍ രണ്ട്-മൂന്ന് ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയുണ്ട്. ഇവിടങ്ങളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയാകുമെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.





