അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ വകുപ്പ് മേധാവിയെ പുറത്താക്കാന്‍ കോളജ് മാനേജ്‌മെന്റ് തീരുമാനം. ദന്തവിഭാഗം മേധാവി ഡോ. എം.കെ. റാമിനെതിരെയാണു നടപടി.
വിദ്യാര്‍ഥി യൂണിയന്‍ നേതാക്കളുമായി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. നിതിന്‍ രാജിന്റെ മരണത്തില്‍ വകുപ്പ് മേധാവിക്ക് പങ്കുണ്ടെന്നും ഇയാള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലായിരുന്നു. ഡോ. എം.കെ റാമിനെ അന്വേഷണ വിധേയമായി പുറത്താക്കാനാണ് തീരുമാനമെടുത്തത്.
നിതിന്‍ രാജിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മറ്റ് അധ്യാപകര്‍ക്കെതിരേയും അന്വേഷണവുമുണ്ടായേക്കും. മാനേജ്‌മെന്റിന്റെ പ്രതിനിധികള്‍ നിതിന്റെ വീട്ടിലെത്തണമെന്ന് ആവശ്യപ്പെട്ടതായി എസ്.എഫ്.ഐ. സംസ്‌ഥാന സെക്രട്ടറി വി എസ്. സഞ്‌ജീവ് വ്യക്‌തമാക്കി.
നിതിന്റെ മരണത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം ശക്‌തമാക്കിയിരുന്നു. കോളേജിലേക്കു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാനേജ്‌മെന്റിന്റെ മുമ്പില്‍ അഞ്ചിന ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ മുന്നോട്ടുവെച്ചത്. ഡോ. റാമിനെ പിരിച്ചുവിടുക, ആരോപണ വിധേയരായ മറ്റു രണ്ട് അധ്യാപകരെയും പുറത്താക്കുക, നിതിന്‍ രാജിന്റെ മരണത്തില്‍ സുതാര്യമായ അന്വേഷണം, കോളജില്‍ പി.ടി.എ. രൂപീകരിക്കണം, കോളജ് ക്യാമ്പസില്‍ സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യം വേണം എന്നീ ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ മാനേജ്‌മെന്റിന് മുന്‍പാകെ അവതരിപ്പിച്ചത്. ഇവയില്‍ തീരുമാനമാകും വരെ സമരം തുടരുമെന്നു വിദ്യാര്‍ഥികള്‍ അറിയിച്ചു.





