
കണ്ണൂര്‍: അഞ്ചരക്കണ്ടിയില്‍ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ലോണ്‍ ആപ്പിനെതിരേ കേസെടുത്ത് പോലീസ്. ഇന്‍സ്റ്റാപേ എന്ന ആപ്പിനെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. ലോണിന്റെ പേരില്‍ നിതിന്‍ മാനസീക സമ്മര്‍ദ്ദം ഉണ്ടാക്കിയെന്നാണ് എഫ്ഐആറില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ആരോപണവിധേയരായ അദ്ധ്യാപകര്‍ ഏഴാം ദിവസവും ഒളിവില്‍ തന്നെയാണ്.
നിതിന്‍രാജ് നേരത്തേ 36 ശതമാനം പലിശ വരുന്ന ഒരു വായ്പ ലോണ്‍ആപ്പില്‍ നിന്നും എടുത്തിരുന്നതായും അടവുകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് ആപ്പില്‍ നിന്നും ഫോണ്‍ വന്നിരുന്നതായും പോലീസ് കണ്ടെത്തി. 98 തവണയാണ് ഫോണ്‍കോളുകള്‍ വന്നതെന്നും ഇത് അദ്ദേഹത്തിന് മാനസീക സമ്മര്‍ദ്ദമായി മാറിയെന്നുമാണ് പറഞ്ഞിരിക്കുന്നത്. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ നിതിനെ മാനസീകമായി പീഡിപ്പിച്ചെന്ന ആരോപണം ഉയര്‍ന്ന അദ്ധ്യാപകര്‍ ഏഴാം ദിവസവും ഒളിവിലാണ്. അദ്ധ്യാപകന് റാമിനെ പുറത്താക്കിയിട്ടുണ്ട്.
സംഭവത്തില്‍ ആരോഗ്യസര്‍വകലാശാലയുടെ പ്രത്യേകസംഘവും അന്വേഷണം നടത്തും. നിതിന്‍ കോളേജില്‍ ഏതെങ്കിലും തരത്തില്‍ മാനസീകപീഡനം നേരിട്ടിട്ടുണ്ടോ എന്നും കോളേജിലെ അദ്ധ്യാപകരുടെയും മാനേജ്മെന്റിന്റെയും ഭാഗത്ത് നിന്നുള്ള പെരുമാറ്റം സംബന്ധിച്ചതും കോളേജിലെ സൗകര്യം ഉള്‍പ്പെടെയുള്ള കാര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പരാതികളിലും അന്വേഷണം നടത്തും. പ്രശ്നത്തില്‍ സംഘം അദ്ധ്യാപകരുടെയും വിദ്യാര്ത്ഥികാളുടെയും മാതാപിതാക്കളുടെ മൊഴിയെടുക്കും. കോളേജിന്റെ അഫിലിയേഷന് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യം പരിശോധിപ്പിക്കും.
സംഭവത്തില്‍ യുവജനസംഘടനകള്‍ ഇന്നും പ്രതിഷേധവുമായി കോളേജിന് മുന്നിലേക്ക് എത്തും. അതേസമയം അദ്ധ്യാപകരെ പുറത്താക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ അനിശ്ചിതകാല സമരം തുടരുകയാണ്. അദ്ധ്യാപകന് റാമിനെതിരേ 150 ലധികം പരാതികളാണ് വിദയാര്‍ത്ഥികള്‍ ഇമെയില്‍ വഴി ശേഖരിച്ചത്. വിവിധ സംഘടനകള്‍ ഇന്ന് കോളേജിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നുമുണ്ട്.






