
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കാര്യങ്ങള്‍ ഫലപ്രഖ്യാപനത്തോട് അടുക്കുമ്പോള്‍ പുതിയ മുഖ്യമന്ത്രി ചര്‍ച്ചകളും അതുയര്‍ത്തുന്ന കലാപവും നിയന്ത്രിക്കാനാകാതെ കോണ്‍ഗ്രസ്. കെ.സി.വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് വേണ്ടിയുള്ള ചേരികള്‍ ഓണായതോടെ വടിയെടുത്ത് ഹൈക്കമാന്റും കെപിസിസിയും. നേതാക്കള്‍ക്ക് ശക്തമായ താക്കീത് നല്‍കി.
പാര്‍ട്ടിക്കുള്ളില്‍ നിലവില്‍ മൂന്ന് പ്രധാന ചേരികളിലായാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കെ.സി. വേണുഗോപാല്‍ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരണമെന്നും ഭരണം ലഭിച്ചാല്‍ അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നും ഒരു വിഭാഗം ശക്തമായി വാദിക്കുന്നു. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ ഈ നീക്കത്തിന് പിന്തുണ നല്‍കുന്നതായാണ് സൂചന. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനം കണക്കിലെടുത്ത് വി.ഡി. സതീശന്‍ തന്നെയാകണം നയിക്കേണ്ടതെന്നാണ് സോഷ്യല്‍ മീഡിയയിലടക്കം ഉയരുന്ന വാദം.
വേണുഗോപാലിനായി ഉയരുന്ന പ്രചാരണങ്ങളെ സതീശന്‍ അനുകൂലികള്‍ പ്രതിരോധിക്കുന്നുണ്ട്. വിവാദങ്ങളില്‍ നേരിട്ട് ഇടപെടാതെ മാറിനില്‍ക്കുകയാണെങ്കിലും, മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ ചെന്നിത്തലയുടെ നീക്കങ്ങളും നിര്‍ണ്ണായകമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ അധികാരത്തര്‍ക്കങ്ങള്‍ തെരുവിലേക്കെത്തുന്നത് ഒഴിവാക്കി മുന്നോട്ട് പോകാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ഇപ്പോഴത്തെ നീക്കം.
എന്നാല്‍ മുഖ്യമന്ത്രി പദവിയെച്ചൊല്ലി പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന പരസ്യമായ അവകാശവാദങ്ങളും പോരുകളും അവസാനിപ്പിക്കണമെന്ന് കെപിസിസി അധ്യക്ഷനും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും കര്‍ശന നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പിന് മുന്‍പേ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഈ ഇടപെടല്‍.
മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. മഹാരാഷ്ട്രയിലെ പാര്‍ട്ടി കാര്യങ്ങളാണ് ഔദ്യോഗിക ചര്‍ച്ചാവിഷയമെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ടെങ്കിലും, കേരളത്തിലെ പുതിയ സാഹചര്യങ്ങളും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ഗ്രൂപ്പ് പോരുകളും ചര്‍ച്ചയില്‍ വരാന്‍ സാധ്യതയുണ്ട്.






