
വിഴിഞ്ഞത് നടുറോഡില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായി പ്രതികരിച്ച് നടി അനുശ്രീ. ആര്‍ക്കും ആരെയും എന്ത് വേണമെങ്കിലും ചെയ്യാമെന്നും എന്തിനാണ് ഇവിടെ നിയമങ്ങളെന്നും അനുശ്രീ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
"വിഴിഞ്ഞം സംഭവത്തിലെ വീഡിയോ ഇപ്പോൾ കാണുവാനിടയായി. എന്തു മൈ.... ആണ് ഇവിടെ നടക്കുന്നത്? എന്താണ് ഇവിടെ നടക്കുന്നത്? ആർക്കും ആരെയും എന്തു ചെയ്യാം..ആരെ എന്ത് ചെയ്താലും..അത് തല്ലിയാലും, കൊന്നാലും ആർക്കും ഒന്നും പറ്റില്ല എന്ന് ചെയ്യുന്നവർക്ക് അറിയാം.
അതുകൊണ്ട് തന്നെയാണ് ഇതൊക്കെ വെറും ലാഘവത്തോടെ ഇവിടെ നടക്കുന്നത്.. പിന്നെ എന്തിനാണ് ഇവിടെ നിയമങ്ങൾ?? എന്തു നിയമങ്ങളാണ് ഇവിടെ ഉള്ളത്?? ആർക്കുവേണ്ടിയാണ് നിയമങ്ങൾ?? കഷ്ടം തന്നെ... കളളും കഞ്ചാവും അടിച്ചു കേറ്റീട്ട് കാണിച്ചു കൂട്ടുന്ന തെമ്മാടിത്തരങ്ങൾ...ദൈവത്തിന്റെ സ്വന്തം നാട്".
കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞത് യുവാക്കളുടെ ക്രൂരമായ ആക്രമണത്തില്‍ സുമന്‍ എന്ന യുവാവ് കൊല്ലപ്പെട്ടത്. ആള്‍ക്കൂട്ടം നോക്കിനില്‍ക്കെയാണ് സംഭവം. ചിലര്‍ യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. സംഭവത്തില്‍ നാലു പേര്‍ പിടിയിലായി. അച്ചു, അനന്തു, സൂര്യജിത്ത്, ലാലുകൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. ബാറില്‍ മദ്യപിക്കുന്നതിനിടെ അച്ചുവും മറ്റൊരാളുമായി ഉണ്ടായ തര്‍ക്കത്തില്‍ സുമന്‍ ഇടപെട്ടതാണ് കൊലപാതകത്തില്‍ കലാശിച്ചത്.






