
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ആന്‍ഡ്രിയ. അഭിനയത്തിനു പുറമെ മികച്ച ഒരു ഗായിക കൂടിയാണ് താരം. മലയാളത്തില്‍ അന്നയും റസൂലും, ലണ്ടന്‍ ബ്രിഡ്ജ്, ലോഹം തുടങ്ങിയ സിനിമകളിലും ആന്‍ഡ്രിയ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ തന്റെ ലഡാക്ക് യാത്രയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. ലഡാക്കില്‍ അവധിയാഘോഷിക്കുന്ന ചിത്രങ്ങളും ഒപ്പം ഒരു കുറിപ്പും ആന്‍ഡ്രിയ പങ്കുവച്ചിട്ടുണ്ട്.
'' ലഡാക്കിലെ ആ ഒരു വാരം... എവിടെ നിന്ന് തുടങ്ങണം എന്ന് പോലും അറിയില്ല? ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥകള്‍ ഒട്ടും ശുഭകരമല്ല, അതുകൊണ്ട് തന്നെ പരിഷ്കൃത ലോകത്ത് നിന്നും മാറി മലനിരകളില്‍ ഒരാഴ്ച ചിലവഴിക്കുക എന്നത് വളരെ ആകര്‍ഷകമായി തോന്നി..
ലഡാക്ക് എപ്പോഴും എന്റെ ഒരു സ്വപ്ന സ്ഥലമാണ്, അത് എന്റെ എല്ലാ പ്രതീക്ഷള്‍ക്കും അപ്പുറമായിരുന്നു. ഹിമാലയത്തിന്റെ ഗാംഭീര്യത്തില്‍ ശ്വസിക്കുന്നത് മുതല്‍, ചെറിയ ഗ്രാമങ്ങളിലൂടെ ആപ്രിക്കോട്ട് പൂക്കള്‍ തേടിയുളള യാത്രയും, ശൈത്യകാലത്തെ നീണ്ട ഉറക്കം കഴിഞ്ഞ് കരടി കുടുംബത്തെ കാണുന്നത് വരെ, ലഡാക്ക് ശരിക്കും ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു.
ഞങ്ങളെ ഇത്ര നന്നായി പരിപാലിച്ചതിനും ഇതുവരെയുളളതില്‍ വെച്ച് ഏറ്റവും മികച്ച ഹോസ്റ്റായതിനും mantrahimalaya യിലെ മിസ്റ്റര്‍ ജിഗ്മെത് ഭായിക്ക് വലിയൊരു നന്ദി. ലഡാക്ക് തിരിച്ചുവന്ന് നിന്നെ വീണ്ടും കണ്ടെത്തുന്നതിനായി എനിക്ക് കാത്തിരിക്കാനാവില്ല'', ചിത്രങ്ങള്‍ക്കൊപ്പം ആന്‍ഡ്രിയ കുറിച്ചു.






