
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് അദിതി റാവു ഹൈദരിയും സിദ്ധാര്‍ത്ഥും. 2024 സെപ്റ്റംബര്‍ 16-ന് ആയിരുന്നു ഇരുവരുടെയും വിവാഹം. പ്രണയിച്ച് വിവാഹിതരായ ഈ ദമ്പതികള്‍ തങ്ങളുടെ ജീവിതത്തിലെ വിശേഷപ്പെട്ട നിമിഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോള്‍ സിദ്ധാര്‍ത്ഥിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് അദിതി റാവു. '' സൂര്യനെ കൈകളില്‍ കൊണ്ടുനടക്കുകയും എനിക്കായ് അതിനെ പ്രകാശിപ്പിക്കുകയും ചെയ്യുന്ന ആണ്‍കുട്ടിക്ക് ജന്മദിനാശംസകള്‍. നിനക്കും, നിന്റെ സ്വപ്‌നങ്ങള്‍ക്കും, നമ്മുടെ ബന്ധത്തിനും കൂടുതല്‍ കരുത്തുണ്ടാകട്ടെ, എന്റെ manicorn'', സിദ്ധാര്‍ത്ഥിനൊപ്പമുളള ചിത്രത്തിനൊപ്പം അദിതി റാവു കുറിച്ചു.
2003-ല്‍ ശങ്കര്‍ സംവിധാനം ചെയ്ത ' ബോയ്‌സ് ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥിന്റെ അരങ്ങേറ്റം. അഭിനയത്തിന് പുറമെ മികച്ചൊരു പിന്നണി ഗായകന്‍ കൂടിയാണ് അദ്ദേഹം. കൂടാതെ തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളിലും ശ്രദ്ധ നേടിയിട്ടുണ്ട്.
തെന്നിന്ത്യയിലും ഹിന്ദിയിലും ഒരുപോലെ സജീവമാണ് നടി അദിതി റാവു. മമ്മൂട്ടി ചിത്രമായ പ്രജാപതി സൂഫിയും സുജാതയും തുടങ്ങിയ മലയാളം സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.






