
സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും സോണി റസ്ദാന്റെയും ഇളയമകള്‍, മുന്‍കാല അഭിനേത്രിയും സംവിധായികയുമായ പൂജ ഭട്ടിന്റെ സഹോദരി, ബോളിവുഡിന്റെ താരറാണിയായ ആലിയ ഭട്ടിന്റെ സഹോദരി... ഇങ്ങനെ വിശേഷണങ്ങള്‍ അനവധിയുള്ള സെലിബ്രിറ്റിയാണ് ഷഹീന്‍ ഭട്ട്. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നായിട്ടു കൂടി ഷഹീന്‍ ഇതുവരെ വെള്ളിത്തിരയില്‍ എത്തിയിട്ടില്ല. ആലിയയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഷഹീന്‍ ആരാധകര്‍ക്ക് ചിരപരിചിതയാണ്. ആലിയയ്ക്ക് സഹോദരി എന്നതിലുപരി സന്തസഹചാരിയാണ് ഷഹീന്‍.
ഇപ്പോഴിതാ തന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് ആരാധകരെ അറിയിക്കുകയാണ് ഷഹീന്‍ ഭട്ട്. ഭാവിവരനായ ഇഷാന്‍ മെഹ്റയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടാണ് ഷഹീന്റെ പോസ്റ്റ്. ‘‘നമ്മൾ പരസ്പരം വല്ലാതെ ഇഷ്ടപ്പെട്ടുവെന്ന് തോന്നുന്നു...’ എന്നാണ് എന്‍കേജ്മെന്റ് റിംഗ് കാണിച്ചു കൊണ്ടുള്ള ചിത്രങ്ങളടക്കം പങ്കിട്ട് ഷഹീന്‍ കുറിച്ചിരിക്കുന്നത്.
ഷഹീന്റെ പോസ്റ്റ് ആലിയാ ഭട്ട് ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചു. താൻ വികാരാധീനയാണെന്ന് പറഞ്ഞുകൊണ്ടാണ് ആലിയ, സഹോദരിയുടെ വിവാഹനിശ്ചയ പോസ്റ്റ് പങ്കിട്ടത്. പരിണീതി ചോപ്ര, സംവിധായിക സോയാ അക്തർ, സംരംഭക നവ്യാ നന്ദ, നടി ഷനായാ കപൂർ, അനന്യ പാണ്ഡെ എന്നിവർ ഷഹീനും ഇഷാനും ആശംസകൾ നേര്‍ന്ന് കമന്റുകള്‍ കുറിച്ചിട്ടുണ്ട്.
കൃത്യം ഒരുവർഷം മുമ്പ് ഏപ്രിലിലാണ് ഷഹീനും ഇഷാനും പ്രണയം വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ഇരുവരും പ്രണയം തുറന്നുപറഞ്ഞത്. ഒന്നിച്ചുള്ള ചിത്രങ്ങൾക്കൊപ്പമാണ് ഇരുവരും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. കൊമേഡിയനായ രോഹൻ ജോഷിയുമായി ഷഹീൻ പ്രണയത്തിലായിരുന്നു. രണ്ട് വർഷം മുമ്പാണ് ഇരുവരും പിരിഞ്ഞത്. അന്താരാഷ്ട്ര നീന്തൽ താരമായിരുന്ന ഇഷാൻ മെഹ്‌റ നിലവിൽ മുംബൈയിൽ ഫിറ്റ്‌നസ് കോച്ചായി ജോലി ചെയ്യുകയാണ്. ആലിയാ ഭട്ട് ഉൾപ്പെടെയുള്ള ഒട്ടേറെ പ്രമുഖ താരങ്ങളുടെ ട്രെയിനറാണ് ഇഷാൻ.






