
മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സിനിമയിലെത്തുന്നു എന്നതാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റ്’ എന്ന സിനിമയെ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കാനുള്ള പ്രധാന കാരണം. രണ്ടുപേരും ഒരുമിച്ചെത്തുന്ന വേദികള്‍ തന്നെ പ്രേക്ഷകര്‍ക്ക് ആഘോഷമാണ്. അപ്പോള്‍പ്പിന്നെ ബിഗ് സ്ക്രീനില്‍ ഒരുമിച്ചെത്തിയാലുള്ള ആവേശം എത്രത്തോളമായിരിക്കും. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുമൊക്കെ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടതാണ്.
ഇപ്പോഴിതാ ഈ സിനിമയുടെ റിലീസ് മുന്നോടിയായി വമ്പൻ പ്രഖ്യാപനവുമായി മലയാളത്തിന്റെ സൂപ്പർതാരങ്ങൾ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ജിയോ ഹോട്‌സ്റ്റാറിൽ എക്‌സ്‌ക്ലൂസീവ് ചാറ്റ് ഷോ പുറത്തിറങ്ങാനൊരുങ്ങുന്നുവെന്ന വിശേഷമാണ് ഇരുവരും പങ്കുവെച്ചത്. രസകരമായ വീഡിയോയിലാണ് ഇരുവരും ചാറ്റ്‌ഷോ പുറത്തിറങ്ങുന്നത് പ്രഖ്യാപിച്ചത്. ‘ലാലു പറ, ഇച്ചാക്ക പറ...’ എന്നിങ്ങനെ ഇരുവരും പറഞ്ഞു തുടങ്ങുന്നതാണ് വീഡിയോ. പിന്നീട് മമ്മൂട്ടി വിശദീകരിച്ച് പറയുകയും മോഹന്‍ലാല്‍ പ്രേക്ഷകരെ ചാറ്റ് ഷോ കാണാന്‍ ക്ഷണിക്കുകയും ചെയ്യുന്നുണ്ട്. രണ്ടുപേരും സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ട ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. ബിഗ് സ്ക്രീനില്‍ ഒരുമിച്ച് എത്തുന്നതിന് മുന്‍പ് ഇരുവരും ഒരുമിക്കുന്ന ഒരു എക്സ്ക്ലൂസീവ് ചാറ്റ് ഷോ കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
'പേട്രിയറ്റ് ലജൻഡ്‌സ് ഹാങ്ഔട്ട്' എന്ന് പേരിട്ടിരിക്കുന്ന അഭിമുഖം ജിയോ ഹോട്‌സ്റ്റാറിലാണ് സ്ട്രീംചെയ്യുക. ഏപ്രിൽ 23 മുതൽ അഭിമുഖം സ്ട്രീമിങ് ആരംഭിക്കും. മോഹന്‍ലാലും മമ്മൂട്ടിയും സോഷ്യല്‍ മീഡിയ പേജിലൂടെ ഈ സന്തോഷം പങ്കുവച്ചിട്ടുണ്ട്.
മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ചിത്രം മേയ് ഒന്നിനാണ് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തുന്നത്. പ്രഖ്യാപന സമയം മുതൽ തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്നതാണ് ഈ സിനിമ. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നീ ബാനറുകളിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ആക്ഷൻ രംഗങ്ങളും, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരുടെ പ്രകടനങ്ങളും ട്രെയിലറിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിട്ടുണ്ട്.






