
മലപ്പുറം: വാല്‍പ്പാറയിലെ വാഹനാപകടത്തില്‍ നടുങ്ങിയ മലപ്പുറത്തെ പാങ്ങ് ഗ്രാമം ജി.എല്‍.പി. സ്‌കൂളിലെ പ്രിയപ്പെട്ട അദ്ധ്യാപകര്‍ക്ക് വിട നല്‍കുന്നു. കോയമ്പത്തൂരില്‍ നിന്നും ദുരന്തത്തിനിരയായവരുടെ ഭൗതീകശരീരം മലപ്പുറം അമ്പലപ്പറമ്പ് ഗവ.ഹൈസ്‌കൂളില്‍ എത്തിച്ചു. ഇവിടെ ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് ശേഷം ഭൗതീകശരീരങ്ങള്‍ അന്തിമ കര്‍മ്മങ്ങള്‍ക്കായി വീടുകളിലേക്ക് മാറ്റും. പൊള്ളാച്ചിയില്‍ നിന്നും രാവിലെ 9 മണിയോടെയാണ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി അമ്പലപ്പറമ്പ് ഹൈസ്കൂള്‍ മൈതാനത്തേക്ക് എത്തിച്ചത്.
ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ അദ്ധ്യാപകര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനായി അനേകം ആള്‍ക്കാരാണ് ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പാങ്ങ് ജി.എല്‍.പി. സ്‌കൂളിലെ ഒമ്പത് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈ സ്‌കൂളിലെ ജീവനക്കാരില്‍ ഇനി ബാക്കിയുള്ളത് മൂന്ന് പേര്‍ മാത്രമാണ്. ഇവരും വിനോദയാത്രയില്‍ പങ്കാളികളാകേണ്ടവരായിരുന്നു. എന്നാല്‍ മറ്റു കാരണങ്ങളാല്‍ അവസാന നിമിഷം യാത്ര മാറ്റിവെച്ചു.
വെള്ളിയാഴ്ച രാവിലെയാണ് 13 പേരടങ്ങുന്ന സംഘം ട്രാവലര്‍ വാനില്‍ അതിരപ്പിള്ളി വഴി വാല്‍പ്പാറയിലേക്ക് പോയത്. ചെങ്ങോട്ടൂര്‍ സ്വദേശിയായ മുഹമ്മദ് ഫാഹിസായിരുന്നു ട്രാവലറിന്റെ ഡ്രൈവര്‍. അതിരപ്പിള്ളി സന്ദര്‍ശിച്ചശേഷം സംഘം മലക്കപ്പാറ വഴി വാല്‍പ്പാറയിലെത്തി. തുടര്‍ന്ന് വാല്‍പ്പാറയില്‍നിന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. 13-ാം ഹെയര്‍പിന്‍ വളവില്‍വെച്ച് വാഹനത്തിന്റെ നിയന്ത്രണംനഷ്ടമായെന്നും തുടര്‍ന്ന് ഒന്‍പതാം വളവിലേക്ക് വാഹനം നിലംപതിച്ചെന്നും പോലീസ് പറഞ്ഞു.
പൊള്ളാച്ചി ആശുപത്രിയില്‍ വെച്ച് ഒമ്പത് പേരുടെയും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തീകരിച്ചു. അര്‍ധരാത്രി 12 മണിയോടെ ആരംഭിച്ച പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത് പുലര്‍ച്ചെ 4 മണിയോടെയാണ്. പൊള്ളാച്ചി - വാല്‍പ്പാറ റോഡിലെ മദ്രസയില്‍ മയ്യത്ത് നമസ്‌കാരം കഴിഞ്ഞാണ് മൃതദേഹങ്ങള്‍ അടങ്ങുന്ന ആംബുലന്‍സ് കേരളത്തിലേക്ക് പുറപ്പെട്ടത്. അജിത (54), റംല (52), സുഹ്‌റ (43), ആശ (41), മജീദ് (43), സജിത (45), ഷക്കീല (37), റുഖിയ (39), ഹിഷാം (12) എന്നിവരാണ് മരിച്ചത്. നാലുപേര്‍ നിലവില്‍ ചികിത്സയിലാണ്. മൂന്ന് പേരുടെ നില ഗുരുതരമാണ്.






