ദോഹ: ഹോര്‍മുസ് കടലിടുക്കില്‍ രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്കു നേരേ ഇറാന് വിപ്ലവ ഗാര്‍ഡ് വെടിയുതിര്‍ത്തു. എണ്ണവ്യാപാരത്തിനു നിര്‍ണായകമായ ഷിപ്പിങ് ലെയ്നില്‍ ഒമാന്റെ വടക്കുകിഴക്കന്‍ ഭാഗത്താണു സംഭവം. വിപ്ലവഗാര്‍ഡ് കപ്പലുകള്‍ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തതായാണു റിപ്പോര്‍ട്ട്. ജീവനക്കാര്‍ക്കു പരുക്കേല്‍ക്കുകയോ കപ്പലുകള്‍ക്കു കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ ഇറാന്റെ നയതന്ത്ര പ്രതിനിധി ഡോ. മുഹമ്മദ് ഫത്തേലിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. തടഞ്ഞുവച്ച കപ്പലുകളിലൊന്ന് ഇറാഖ് എണ്ണയുമായി വന്ന കൂറ്റന്‍ ക്രൂഡ് ഓയില്‍ കാരിയറാണെന്നാണു വിവരം. ദീര്‍ഘദൂര ക്രൂഡ് ഗതാഗതത്തിനു രൂപകല്‍പ്പന ചെയ്തതും വലിപ്പമേറിയതുമായ ടാങ്കറുകളാണ് ഇതു വഹിക്കുന്നത്. ഇന്ത്യന്‍ പതാക വഹിക്കുന്ന ഈ കപ്പലില്‍ 20 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിപ്ലവ ഗാര്‍ഡിന്റെ നാവികസേനാംഗങ്ങള്‍ ഇന്ത്യന്‍ കപ്പലുകളെ ബലം പ്രയോഗിച്ച് പാതയില്‍നിന്നു തിരിച്ചയയ്ക്കുകയായിരുന്നു. കപ്പലിലേക്കു വെടിവയ്പ്പ് നടന്നതായി യു.കെ. മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിയന്‍ വിപ്ലവ ഗാര്‍ഡിന്റെ രണ്ടു ഗണ്‍ബോട്ടുകള്‍ വെടിവയ്പ്പില്‍ പങ്കെടുത്തതായാണു റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയിലുണ്ടായ ഈ സംഭവം രാജ്യാന്തര തലത്തില്‍ ആശങ്കയുണര്‍ത്തിയിട്ടുണ്ട്. തങ്ങള്‍ സൗഹൃദപരമായി കണക്കാക്കുന്ന അഞ്ചു രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് ദിവസങ്ങള്‍ക്കുമുമ്പ് ഇറാന്റെ ഇന്ത്യയിലെ പ്രതിനിധി ഡോ. ഫത്താലി പറഞ്ഞിരുന്നു. പാകിസ്താനില്‍ നടന്ന ഇറാന്-യു.എസ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു ശേഷമുള്ള ആദ്യ അഭിമുഖത്തിലായിരുന്നു ഇത്. ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന ഇന്ത്യന്‍ കപ്പലുകള്‍ക്കു തടസമുണ്ടാകില്ലെന്നും ഇരുരാജ്യങ്ങളും തമ്മില്‍ ഇതിനുള്ള ശ്രമം നടക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യുദ്ധം ആരംഭിച്ചശേഷം ആദ്യമായി ടാങ്കറുകള്‍ കടലിടുക്ക് വഴി വലിയ തോതില്‍ നീങ്ങുന്നതിനിടെയാണു വീണ്ടും സംഘര്‍ഷമുണ്ടായത്. ഹോര്‍മുസ് തങ്ങളുടെ സൈനിക നിയന്ത്രണത്തിലാണെന്ന് ഇറാന് സായുധ സേന അറിയിച്ചു.
ഹോര്‍മുസിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ഇക്കാര്യം വ്യക്തമാക്കി ഇറാനില്‍നിന്നു റേഡിയോ സന്ദേശം നല്‍കിയിരുന്നു. ഇറാന് നാവികസേന ശത്രുക്കള്‍ക്ക് 'പുതിയ കയ്പേറിയ പരാജയങ്ങള്‍' നല്കാന് തയാറാണെന്ന് പരമോന്നത നേതാവ് മൊജ്തബ ഖൊമേനിയും മുന്നറിയിപ്പ് നല്കി. ഹോര്‍മുസിന്റെ നിയന്ത്രണം ഇറാനു കൈമാറില്ലെന്ന് യു.എസ്. മുന്നറിയിപ്പ് നല്കി. ഇറാന് തുറമുഖങ്ങളെ ഉപരോധിക്കുമെന്നു യു.എസ്. വ്യക്തമാക്കി. രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ ബുധനാഴ്ച അവസാനിക്കുന്നതിന് മുമ്പ് സമാധാന കരാര്‍ ഇല്ലെങ്കില്‍ പോരാട്ടം പുനരാരംഭിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്കി.
അതേ സമയം, സമാധാന ശ്രമത്തിന്റെ ഭാഗമായി ടെഹ്റാനില്‍ മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായി പാകിസ്താന് അറിയിച്ചു. ഖത്തര്‍, സൗദി അറേബ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി പാകിസ്താന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ചര്‍ച്ച നടത്തി.
അതേ സമയം, ഇസ്രയേല്‍ നടത്തുന്ന നീക്കങ്ങള്‍ സമാധാന ചര്‍ച്ചകള്‍ക്കു തിരിച്ചടിയാകുന്നുണ്ട്. ലബനനുമായുള്ള സമധാന കരാര്‍ ഇസ്രയേല്‍ ലംഘിച്ചതാണു തിരിച്ചടിയായത്. തെക്കന്‍ ലെബനനിലുണ്ടായ ആക്രമണത്തില്‍ ഒരു യു.എന്‍. സമാധാന സൈനികന് കൊല്ലപ്പെട്ടു.
ഫ്രഞ്ച് സൈനികനാണു കൊല്ലപ്പെട്ടത്. യു.എന്നിന്റെ ലെബനനിലെ ഇടക്കാല സേനയായ യുനിഫിലിന്റെ പ്രവര്‍ത്തനം പോലും തടസപ്പെട്ടതായി യു.എന്‍. ആരോപിച്ചു.



