പാരീസ്: ഫ്രഞ്ച് സിനിമയിലെ സൂപ്പര്‍താരമായിരുന്ന നടി നാഥലി ബേ (77) അന്തരിച്ചു. നാലു തവണ മികച്ച നടിക്കുള്ള ഫ്രാന്‍സിലെ സീസാര്‍ പുരസ്കാരം അവര്‍ നേടിയിട്ടുണ്ട്. ഓസ്കാര്‍ പുരസ്കാരങ്ങള്‍ക്ക് തുല്യമായി കണക്കാക്കപ്പെടുന്നതാണ് ഫ്രാന്‍സിലെ സീസാര്‍ പുരസ്കാരം. അല്ഷ്ഹൈമേഴ്സിനെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങളായി പൊതുരംഗത്തുനിന്നു വിട്ടുനില്‍ക്കുകയായിരുന്നു.
1948ല്‍ നോര്‍മാണ്ടിയില്‍ കലാകാരന്മാരുടെ കുടുംബത്തില്‍ ജനിച്ച ബേ, നര്‍ത്തകിയായിട്ടാണ് കരിയര്‍ ആരംഭിച്ചത്. പിന്നീട് അഭിനയത്തിലേക്ക് തിരിഞ്ഞു.1973ല്‍ ഫ്രാന്‍സ്വ ട്രൂഫോയുടെ 'ഡേ ലാ ന്യുറ്റ് അമേരിക്കനെ' എന്ന ചിത്രത്തിലൂടെയാണ് ബേ ശ്രദ്ധ നേടിയത്. ഈ സമയത്ത് അവര്‍ നാടക വിദ്യാലയം വിട്ട് അധികകാലമായിരുന്നില്ല. അഞ്ച് പതിറ്റാണ്ടോളം നീണ്ട കരിയറില്‍ ഫ്രാന്‍സിലെ ഏറ്റവും കൂടുതല്‍ പുരസ്കാരങ്ങള്‍ നേടിയ നടികളില്‍ ഒരാളായി അവര്‍ വളര്‍ന്നു. 1981ല്‍ ജീന്‍ലൂക്ക് ഗോഡാര്ഡിന്റെ 'സോവേ ക്വി പ്യുറ്റ്' എന്ന ചിത്രത്തിലെ സഹനടിയെന്ന നിലയില്‍ ആദ്യത്തെ സീസാര്‍ പുരസ്കാരം നേടി. 1982ല്‍ വീണ്ടും മികച്ച സഹനടിയായും, തൊട്ടടുത്ത വര്‍ഷം മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
പിന്നീട്, സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്റെ 2002ല്‍ പുറത്തിറങ്ങിയ 'ക്യാച്ച് മീ ഈഫ് യു കാന്‍' എന്ന ചിത്രത്തില്‍ ലിയനാര്‍ഡോ ഡികാപ്രിയോയുടെ അമ്മയായി അഭിനയിച്ചതടക്കം നിരവധി രാജ്യാന്തര സിനിമകളിലും അവര്‍ പങ്കാളിയായി.


