ദോഹ: പ്രാദേശികവും അന്തര്‍ദേശീയവുമായ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ചര്‍ച്ചകളാണ് ഏക പോംവഴിയെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി. യുദ്ധക്കളങ്ങളിലൂടെ പരിഹാരം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
അന്റാലിയ ഡിപ്ലോമസി ഫോറത്തിന്റെ അഞ്ചാം പതിപ്പുമായി ബന്ധപ്പെട്ട് എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ച കുറിപ്പിലാണ്
ഖത്തര്‍ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഏറ്റുമുട്ടലിന്റെ പാതയല്ല, ചര്ച്ചാമേശകളാണ് പ്രശ്നപരിഹാരത്തിന് ഉചിതമെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം രാജ്യാന്തര തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കുന്നതില്‍ ഖത്തറിനുള്ള ദീര്‍ഘകാല അനുഭവപരിചയവും നയതന്ത്രമികവും കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
നിലവിലെ പ്രാദേശിക സംഭവവികാസങ്ങളുടെ ഗൗരവം അന്റാലിയ ഡിപ്ലോമസി ഫോറത്തിലെ ചര്‍ച്ചകളെ സ്വാധീനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാധാനപരമായ ചര്‍ച്ചകളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും മാത്രമേ സുസ്ഥിര പരിഹാരങ്ങള്‍ കണ്ടെത്താനാവൂ എന്ന ഖത്തറിന്റെ ഉറച്ച നിലപാടാണ് പ്രധാനമന്ത്രി വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്.
ഷഫീക്ക് അറയ്ക്കല്‍



