പാങ്ങ്(മലപ്പുറം): വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ച പാങ്ങ് സ്വദേശികള്‍ക്ക് ആയിരങ്ങളെ സാക്ഷിയാക്കി കണ്ണീരോടെ യാത്രയയപ്പ് നല്‍കി. മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചതിനു പിന്നാലെ വിവിധ മഹല്ല് ജുമാ മസ്‌ജിദുകളില്‍ കബറടക്കവും വീടുകളിലുമായി സംസ്‌കാരവും നടത്തി. പാങ്ങ് വലിയ മഹല്ല് ജുമാ മസ്‌ജിദില്‍ പള്ളിപ്പറമ്പ് എല്‍.പി സ്‌കൂള്‍ അധ്യാപിക റംല, യു.പി സ്‌കൂള്‍ അധ്യാപിക ഷകീല, സ്‌കൂള്‍ പാചകക്കാരി സാജിദ എന്നിവരെയാണ് കബറടക്കിയത്. മാട്ടാത്ത് മഹല്ല് ജുമാ മസ്‌ജിദില്‍ അധ്യാപകനായ മജീദ്, ഭാര്യ റുഖിയ എന്നിവരുടെ കബറടക്കം നടന്നു.
വടക്കന്‍ പാങ്ങ് മഹല്ല് ജുമാ മസ്‌ജിദില്‍ അധ്യാപിക സുഹ്‌റയെയും മകന്‍ ഹിഷാമിനെയും കബറടക്കി.
അതേസമയം, അധ്യാപികമാരായ അജിതയുടെയും ആശയുടെയും സംസ്‌കാരം യഥാക്രമം പാലൂരിലും കൊളത്തൂരിലുമുള്ള വീട്ടുവളപ്പുകളില്‍ നടന്നു.
വാല്‍പ്പാറ ദുരന്തത്തില്‍പ്പെട്ടവരെ അവസാനമായി കാണാനും അവരുടെ വേണ്ടി പ്രാര്‍ത്ഥിക്കാനുമായി പാങ്ങിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി. നിരവധി പേര്‍ അപകടം നടന്ന സ്‌ഥലമായ പൊള്ളാച്ചിയിലേക്കും കോയമ്പത്തൂരിലേക്കും പോയിരുന്നു.
മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചതോടെ പാങ്ങ് ഹൈസ്‌കൂളിലെ പൊതുദര്‍ശന വേദിയും വീടുകളും ജനസമുദ്രമായി. സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, നാട്ടുകാര്‍, ബന്ധുക്കള്‍ തുടങ്ങി ഏവരും പ്രാര്‍ത്ഥനയോടെയും കണ്ണീരോടെയും പ്രിയപ്പെട്ടവര്‍ക്കു വിട നല്‍കി.
ഷമീര്‍ രാമപുരം






