കണ്ണൂര്‍: അഞ്ചരക്കണ്ടി ഡന്റല്‍ കോളജിലെ ഒന്നാം വര്‍ഷ ബി.ഡി.എസ്. വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കുന്നതിന്റെ മിനിറ്റുകള്‍ക്കു മുമ്പുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രിന്‍സിപ്പലിന്റെ മുറിയില്‍ അധ്യാപകരോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കഴിഞ്ഞ 10-ാം തീയതി ഉച്ചയ്‌ക്ക് 1:20ന് ശേഷം നിതിന് പ്രിന്‍സിപ്പലിന്റെ ഓഫീസ് മുറിയില്‍നിന്ന് ഇറങ്ങി. 1.38 നായിരുന്നു ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി നിതിന്‍ ജീവനൊടുക്കിയത്. മരണത്തിനു വെറും 18 മിനിറ്റ് മുമ്പ് വിനോദ് മോണിയുടെ ഓഫീസ് മുറിയില്‍ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന നിതിന്റെ ദൃശ്യങ്ങളാണ് സി.സി. ടിവി ക്യാമറയില്‍ പതിഞ്ഞത്. മൂന്ന് അധ്യാപകരും പ്രിന്‍സിപ്പലും നിതിനോട് സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്‌തമാണ്. കോളജിനകത്തെ സി.സി. ടിവി ദൃശ്യങ്ങളും നിര്‍ണ്ണായക രേഖകളും നേരത്തെ തന്നെ പ്രത്യേക അന്വേഷണ സംഘം കസ്‌റ്റഡിയിലെടുത്തിരുന്നു. പ്രിന്‍സിപ്പലിന്റെ മുറിയിലെ സി.സി. ടിവി ദൃശ്യങ്ങളില്‍ പ്രിന്‍സിപ്പല്‍, നിതിന്‍, അധ്യാപിക ലത ശശിധരന്‍, മറ്റ് രണ്ട് അധ്യാപകര്‍ എന്നിവരും ഉള്‍പ്പെട്ടിന്നുണ്ട്.
അധ്യാപകരും ജീവനക്കാരും രാജിവച്ചു
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഓര്‍ത്തോഡോന്റിക് വിഭാഗത്തിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരും രാജിവച്ചു. വകുപ്പിലെ ഏഴു ജീവനക്കാരാണ് ഒന്നിച്ച് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. എന്നാല്‍ ജീവനക്കാരുടെ ഈ രാജിക്കത്ത് നിലവില്‍ കോളജ് മാനേജ്‌മെന്റ് സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. കോളജിലെ വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തെതുടര്‍ന്ന് കുറച്ച് ദിവസങ്ങളിലായി വന്‍ പ്രതിഷേധമാണ് കോളജില്‍ അരങ്ങേറുന്നത്.മരണത്തിന് ഉത്തരവാദികളായ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും വിദ്യാര്‍ഥികള്‍ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുള്ള ഇത്തരം കടുത്ത ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പിന്നാലെയാണ് ഇപ്പോള്‍ വകുപ്പിലെ മുഴുവന്‍ ജീവനക്കാരും കൂട്ടമായി രാജിവച്ചിരിക്കുന്നത്.






