
വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ മുന്നറിയിപ്പ് അമേരിക്ക തള്ളി. ഇറാന്റേത് വെറും സമ്മര്‍ദ്ദതന്ത്രമാണെന്നും അമേരിക്കയെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള ശ്രമമാണിതെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ യുഎസ് വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്ക വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് കടലിടുക്ക് വീണ്ടും അടച്ചിടാന്‍ ഇറാന് റവല്യൂഷനറി ഗാര്‍ഡ് തീരുമാനിച്ചത്. അമേരിക്ക കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്നും ഇറാനിയന്‍ കപ്പലുകള്‍ക്കും തുറമുഖങ്ങള്‍ക്കും നേരെയുള്ള നാവിക ഉപരോധം പിന്‍വലിച്ചില്ലെന്നും റവല്യൂഷനറി ഗാര്‍ഡ്സ് പ്രസ്താവനയില്‍ പറഞ്ഞു.
പശ്ചിമേഷ്യയില്‍ നങ്കൂരമിട്ടിരിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് കപ്പലുകള്‍ യാത്ര തുടരരുതെന്ന് റവല്യൂഷനറി ഗാര്‍ഡ് മുന്നറിയിപ്പ് നല്കി. ഹോര്‍മുസ് കടലിടുക്കിനെ സമീപിച്ചാല്‍ ശത്രുവുമായി സഹകരിക്കുന്നതായി കണക്കാക്കും. നിയമം ലംഘിക്കുന്ന കപ്പലുകളെ ലക്ഷ്യം വയ്ക്കുമെന്നും ഇറാന് സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതുവരെ ഈ സ്ഥിതി തുടരുമെന്നാണ് ഇറാന്റെ നിലപാട്. കപ്പലുടമകള്‍ റവല്യൂഷനറി ഗാര്‍ഡുമായി ബന്ധപ്പെട്ടവരില്‍ നിന്നു മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും യുഎസിന്റെ പ്രസ്താവനകള്‍ക്ക് വിശ്വാസ്യതയില്ലെന്നും അവര്‍ പറഞ്ഞു. ഇതിനിടെ ഏതാനും കപ്പലുകള്‍ കടലിടുക്കിലൂടെ കടന്നുപോയിട്ടുണ്ട്.






