
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ശശികലയ്ക്കെതിരേ ആഞ്ഞടിക്കാന്‍ തയ്യാറെടുക്കുന്ന പനീര്‍ ശെല്‍വത്തിന് ജയലളിതയുടെ ബന്ധുക്കളായ ദീപയുടെയും ദീപക്കിന്റെയും പിന്തുണ. ജയലളിത കുടുംബവാഴ്ചയെ എതിര്‍ത്തിരുന്നയാളാണ് എന്നും എന്നാല്‍ ശശികല അതാണ് പിന്തുടരുന്നതെന്നും ടിടിവി ദിവാകരന് എഐഎഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിസ്ഥാനത്തിന് അര്‍ഹനല്ലെന്നും പാര്‍ട്ടിയെ ഏകീകരിക്കാന്‍ പനീര്‍ശെല്‍വത്തിനാണ് കഴിവെന്നും വേണ്ടി വന്നാല്‍ ജയലളിതയുടെ 100 കോടി പിഴ അടയ്ക്കാന്‍ തയ്യാറാണെന്നും പറഞ്ഞു.
ജയലളിത എന്നും രാഷ്ട്രീയ കുടുംബവാഴ്ചയെ എതിര്‍ത്തിരുന്നയാളാണ്. ദിനകരന് എംപിയെ ജയലളിത പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയയാളുമാണെന്ന് ദീപക് ആരോപിക്കുന്നു. 2011 ല്‍ ജയലളിത ശശികലയെ ഉള്‍പ്പെടെ 14 പേരെയാണ് പോയസ് ഗാര്‍ഡനില്‍ നിന്നും പുറത്താക്കിയത്. 2012 ല്‍ പൊതുമാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് ജയലളിത ശശികലയെ മാത്രം തിരിച്ചു സ്വീകരിക്കുകയും ചെയ്തു. ഫെബ്രുവരി 15 ന് ദിനകരനെ തിരികെ പാര്‍ട്ടിയില്‍ കൊണ്ടുവന്നത് ശശികലയായിരുന്നു. പാര്‍ട്ടിക്ക് വേണ്ടത് പനീര്‍ശെല്‍വത്തെയും ഇ മധുസുദനനെയും സി പൊന്നയ്യനെയും പോലെയുള്ളവരെയാണ്. ദിനകരന് ഇക്കാര്യം മനസ്സിലാക്കുമെന്ന് കരുതുന്നു. ശശികല തനിക്ക് മാതാവിനെ പോലെ ആയിരുന്നെന്നും ദിനകരന്റെ സ്ഥാനത്ത് പനീര്‍ശെല്‍വത്തെയാണ് നിയോഗിക്കേണ്ടിയിരുന്നതെന്നും പറഞ്ഞു. എന്നിരുന്നാലും രാധാകൃഷ്ണന് നഗര്‍ മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയേ എഐഎഡിഎംകെയ്ക്ക് ഉണ്ടാകു. അത് ദീപയോ പനീര്‍ ശെല്‍വമോ ആയിരിക്കും. ആരായാലും സ്റ്റാലിനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പറഞ്ഞു.
എഐഎഡിഎംകെയുടെ പിളര്‍പ്പ് വെറും കുടുംബവഴക്ക് മാത്രമാണ്. അത് വലിയ കാര്യമല്ല. പോയസ് ഗാര്ഡന് ഉള്‍പ്പെടുന്ന കുടുംബസ്വത്ത് തനിക്കും ദീപയ്ക്കും വന്നു ചേരുമെന്നും നിലവിലെ താമസക്കാരെ ഇറക്കിവിടേണ്ട കാര്യമില്ലെന്നും പറഞ്ഞു. വായ്പ കിട്ടുന്നു എന്നുണ്ടെങ്കില്‍ ജയലളിതയുടെ പിഴ അടയ്ക്കാന്‍ തയ്യാറാണെന്നും പറഞ്ഞു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവരുടെ അന്തസ്സിന് കോട്ടം വരുത്തുന്നതാണ്. എന്നിരുന്നാലും തെളിവുകള്‍ എതിരെങ്കില്‍ നിരപരാധിത്വം ബോദ്ധ്യപ്പെടുത്താന്‍ എല്ലാവര്ക്കും ബാദ്ധ്യതയുണ്ടെന്നും പറഞ്ഞു. ആശുപത്രിയില്‍ വെച്ച് തനിക്ക് ജയലളിതയെ കാണാന്‍ 62 ദിവസം വേണ്ടി വന്നെന്നും ജയകുമാര്‍ പറയുന്നു.






