
ജനപ്രിയ മോഡലുകള്‍ക്ക് ഏപ്രില്‍ മാസം വമ്പിച്ച വിലക്കിഴിവ് പ്രഖ്യാപിച്ച് ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡായ സ്‌കോഡ. പുത്തന്‍ ഫെയ്സ്ലിഫ്റ്റ് പതിപ്പ് വിപണിയില്‍ എത്തിയതോടെ സ്റ്റോക്കിലുള്ള പഴയ കുഷാഖ് മോഡലുകള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെയാണ് ഡിസ്‌കൗണ്ട് ലഭിക്കുന്നത്. പ്രീമിയം എസ്യുവികള്‍ കുറഞ്ഞ ചെലവില്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു സുവര്‍ണാവസരമാണ്. അടുത്തിടെയാണ് സ്‌കോഡ തങ്ങളുടെ കോംപാക്ട് എസ്യുവിയായ കുഷാഖിന് ആദ്യമായി ഫെയ്സ്ലിഫ്റ്റ് സമ്മാനിച്ചത്.
എക്സ്റ്റീരിയറില്‍ കോസ്മെറ്റിക് പരിഷ്‌കാരങ്ങള്‍ വരുത്തിയതിനൊപ്പം എസ്യുവിയുടെ 1.0 ലിറ്റര്‍ TSI എഞ്ചിനോടൊപ്പം പുതിയ 8-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്സ് കൂടി ചേര്‍ത്തിട്ടുണ്ട്. ഇത് എസ്യുവിയുടെ ഡ്രൈവിംഗ് അനുഭവം കൂടുതല്‍ മികച്ചതാക്കുന്നു. പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തതോടെ കുഷാഖ് ഇപ്പോള്‍ വിപണിയില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുകയാണ്. പ്രീ-ഫെയ്സ്ലിഫ്റ്റ് സ്‌കോഡ കുഷാഖിന് രണ്ട് ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കുന്നു. കൂടാതെ 50,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും, 50,000 രൂപ കോര്‍പ്പറേറ്റ് അല്ലെങ്കില്‍ ലോയല്‍റ്റി ആനുകൂല്യങ്ങളും കമ്പനി നല്‍കുന്നു. ഇതെല്ലാം കൂടി ചേര്‍ത്താണ് മൊത്തം മൂന്ന് ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുന്നത്. പുതിയ 2026 മോഡലുകള്‍ക്ക് ഓഫറുകള്‍ താരതമ്യേന കുറവാണെങ്കിലും പഴയ സ്റ്റോക്കിന് മികച്ച ഡീലാണ് സ്‌കോഡ മുന്നോട്ട് വെക്കുന്നത്.
കുഷാഖിന് പുറമെ സ്‌കോഡയുടെ മറ്റ് പ്രധാന മോഡലുകള്‍ക്കും ഈ മാസം മികച്ച ഓഫറുകളുണ്ട്. സ്‌കോഡ കൈലാക് മോഡലുകള്‍ക്ക് 75,000 രൂപ വരെ മൊത്തം ആനുകൂല്യങ്ങള്‍ ലഭ്യമാണ്. സ്‌കോഡ സ്ലാവിയ സെഡാന് 1.05 ലക്ഷം രൂപ വരെയാണ് ഓഫറിട്ടത്. ഓരോ മോഡലിന്റെയും മോഡല്‍ ഇയറിനും സ്റ്റോക്ക് ലഭ്യതയ്ക്കും അനുസരിച്ചാണ് ഈ ഓഫറുകള്‍ ക്രമീകരിച്ചിരിക്കുന്നത്. 1.0 ലിറ്റര്‍ TSI, 1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനുകളിലാണ് ഇവ എത്തുന്നത്. മികച്ച നിര്‍മാണ നിലവാരവും മികച്ച സേഫ്റ്റി റേറ്റിംഗും സ്‌കോഡ കാറുകളെ വിപണിയില്‍ മുന്നിലെത്തിക്കുന്നു. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയ മോഡലാണ് കുഷാഖ്.
സ്‌കോഡയുടെ ഫ്ലാഗ്ഷിപ്പ് എസ്യുവിയായ കൊഡിയാക്കിനാണ് ഏപ്രില്‍ മാസത്തില്‍ ഏറ്റവും ഉയര്‍ന്ന ഓഫര്‍. പഴയ മോഡലുകള്‍ക്ക് 3.5 ലക്ഷം രൂപ വരെയാണ് ആകെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. ഇതില്‍ രണ്ട് ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും, 50,000 രൂപ എക്സ്ചേഞ്ച് ബോണസും, ഒരു ലക്ഷം രൂപ വരെ കോര്‍പ്പറേറ്റ്/ലോയല്‍റ്റി ആനുകൂല്യങ്ങളും ഉള്‍പ്പെടുന്നു. പുതിയ 2026 മോഡലുകള്‍ക്ക് 1.5 ലക്ഷം രൂപ വരെയും ഓഫറുകളുണ്ട്.






