
തൃശൂര്‍: വയനാട് ടൗണ്‍ഷിപ്പില്‍ ലഭിച്ച വീട്ടിലെ ചോര്‍ച്ചയുണ്ടായ വീട്ടുടമ നൗഫലിനെ ഡിവൈഎഫ്‌ഐക്കാര്‍ സൈബര്‍ ആക്രമണം നടത്തുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷ്. മന്ത്രിക്ക് കിളി പോയി എന്ന് പറഞ്ഞതിനെതിരെയാണ് നൗഫലിനെതിരെ ആക്രമണം നടക്കുന്നതെന്നും ഒ ജെ ജനീഷ് കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പരനാറി എന്ന് വിളിക്കാം. ആ കുടുംബത്തിലെ മറ്റുള്ളവരും നീയും മരിച്ച് പോകണം എന്ന് നൗഫലിനോട് ഡിവൈഎഫ്‌ഐക്കാര്‍ സൈബര്‍ ആക്രമണത്തിന്റെ ഭാഗമായി പറയുന്നു. ഇവരെയൊക്കെ കൈകാര്യം ചെയ്യുമെന്ന് പറയാന്‍ ഡിവൈഎഫ്‌ഐ എന്താ പൊലീസ് ആണോ?. ഡിവൈഎഫ്‌ഐക്കാരെ കാണുമ്പോള്‍ ഏതു രീതിയിലാണ് ബഹുമാനിക്കേണ്ടത്?, നരേന്ദ്രമോദിയെ കാണുമ്പോള്‍ പിണറായി ബഹുമാനിക്കുന്നത് പോലെയാണോ?. ഡിവൈഎഫ്‌ഐക്കാരെ കാണുമ്പോള്‍ ആരാണ് ബഹുമാനിക്കേണ്ടത്?', ഒ ജെ ജനീഷ് ചോദിച്ചു.
മമ്മൂട്ടിയോട് മാപ്പ് പറയാമെങ്കില്‍ ഡിവൈഎഫ്‌ഐയുടെ സൈബര്‍ ലിഞ്ചിങ്ങിന്റെ പേരില്‍ നൗഫലിനോട് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ഒ ജെ ജനീഷ് ആവശ്യപ്പെട്ടു. നൗഫലിന് അനുവദിച്ച് കൊടുത്ത വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു ഡിവൈഎഫ്‌ഐയെന്നും നൗഫലിനോട് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഡിവൈഎഫ്‌ഐയും മാപ്പ് പറയണമെന്നും ഒ ജെ ജനീഷ് പറഞ്ഞു.






